ഇനി എസ്ബിഐയെ ആരായിരിക്കും നയിക്കുന്നത്?

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്‍മാന്‍ ആരായിരിക്കുമെന്നത് സംബന്ധിച്ചു ചര്‍ച്ചകള്‍ സജീവമായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ മേധാവിയായ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച കാലാവധി പൂര്‍ത്തിയാക്കി പിരിയും. ഈ സാഹചര്യത്തിലാണ് ആരായിരിക്കും അടുത്തതായി എസ്ബിഐയുടെ തലപ്പത്ത് ഇരിക്കുകയെന്ന ചര്‍ച്ചകള്‍ തുടങ്ങിയത്.
പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ബാങ്ക്‌സ് ബോര്‍ഡ് ബ്യുറോ ജൂണില്‍ പൂര്‍ത്തിയാക്കിയിരുന്നു. നാലു മാനേജിങ് ഡയറക്ടര്‍മാരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. മുതിര്‍ന്ന മാനേജിങ് ഡയറക്ടരായ ബി. ശ്രീറാം, മറ്റു മാനേജിങ് ഡയറക്ടര്‍മാരായ രജനീഷ്‌കുമാര്‍, പി. കെ. ഗുപ്ത, ദിനേശ് കുമാര്‍ ഖര എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. യോഗ്യരായവരുടെ ലിസ്റ്റ് ബ്യുറോ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
ഇതില്‍ രജനീഷ്‌കുമാറും ഗുപ്തയും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്ന് പിരിയും. ഗുപ്തയ്ക്കും ഖരയ്ക്കും ഇനിയും ദീര്‍ഘകാല സര്‍വീസുണ്ട്. അസ്സോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ലോകത്തെ ആദ്യ 50 ബാങ്കുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച എസ്ബിഐയെ ഇനി ആര് നയിക്കുമെന്നത് നിര്‍ണ്ണായകമാണ്.
കൂടാതെ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ തസ്തികയിലേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. എസ്.എസ് മുന്ദ്ര ജുലൈയില്‍ പിരിഞ്ഞതോടെ ഈ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. മറ്റു ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലരെ ഇന്റര്‍വ്യൂ ചെയ്തുവെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം കണ്ടെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























