നരേന്ദ്ര മോദിക്കെതിരെ സാക്കിയ ജഫ്രി നൽകിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി

2002 -ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സാക്കിയ ജാഫ്രി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.
കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപിയായിരുന്ന ഇഷാന്‍ ജാഫ്രിയുടെ വിധവയാണ് സാക്കിയ ജാഫ്രി. ഗോദ്രയിലെ ട്രെയിന്‍ കത്തിക്കലിനെ തുടര്‍ന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അക്രമികള്‍ നടത്തിയ കലാപത്തില്‍ ഇഷാന്‍ ജാഫ്രിയടക്കം 69 പേരാണ് കൊല്ലപ്പെട്ടത്.
കലാപത്തിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും പുന:രന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു സാക്കിയ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള 61 പേരെ ഈ കേസില്‍ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്നായിരുന്നു സാക്കിയയുടെ ആവശ്യം.
ഈ കേസ് അന്വേഷിച്ച സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകളൊന്നും ലഭിച്ചിരുന്നുമില്ല. 2014 മാര്‍ച്ചിലാണ് സാക്കിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ട് അംഗീകരിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു.
ഐപിഎസ് ഓഫീസര്‍മാരായ ആര്‍ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും മോദിക്കെതിരേ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്നായിരുന്നു കേസില്‍ മോദിയെയും മറ്റ് 61 പേരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha


























