ഉത്തര്‍പ്രദേശില്‍ മോഡിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ഉത്തര്‍ പ്രദേശില്‍ ക്ഷേത്രം പണിയുന്നു. മീറത്ത് കര്‍ണാല്‍ ഹൈവേയില്‍ ശര്‍ധാന മേഖലയിലാണ് 10 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുക. 100 അടി ഉയരമുള്ള മോഡിയുടെ ലോഹപ്രതിമയാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഒക്‌ടോബര്‍ 23ന് നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങിലേക്ക് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ക്ഷണമുണ്ട്. മോഡിയുടെ അടുത്ത അനുയായിയും ജലസേചന വകുപ്പ് റിട്ട. അസിസ്റ്റന്റ് എന്‍ജിനീയറുമായ ജെ.പി. സിങ്ങാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
അന്തര്‍ദേശീയ സമൂഹത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് പ്രത്യുപകാരമാണിതെന്ന് സിങ് പറഞ്ഞു. ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും പ്രതിഷ്ഠയുമുണ്ടാകും. പദ്ധതിക്കായി ഭൂമിയും പണവും കണ്ടെത്തി. നിര്‍മാണത്തിനും പരിപാലനത്തിനുമായി രൂപവത്കരിക്കുന്ന ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയായി. എന്നാല്‍, ട്രസ്റ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജെ.പി. സിങ് തയ്യാറായില്ല.
നിലവില്‍ മോഡിയുടെ പേരില്‍ രാജ്‌കോട്ടില്‍ ക്ഷേത്രമുണ്ട്. 2015ല്‍ തുറന്ന ഈ ക്ഷേത്രത്തില്‍ മോഡിയുടെ പ്രതിഷ്ഠയില്‍ സ്ഥിരം പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരിലും തെലങ്കാനയിലെ മല്ല്യാലില്‍ ക്ഷേത്രമുണ്ട്. അവിടെ 'സോണിയ ദേവി'യുടെ പ്രതിഷ്ഠയും ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ ചിത്രങ്ങളും ആരാധിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha


























