ഒലെയില്‍ യുവതി പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും ഒലെയുടെ സമ്മാനമായി സൗജന്യയാത്ര

ഒലെയില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയ്ക്കും കുഞ്ഞിനും ഒലെയുടെ സമ്മാനം അഞ്ചു വര്‍ഷത്തെ സൗജന്യ യാത്ര. പുനെയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. 21 വയസുകാരിയായ ഈശ്വരി സിംഗ് വിശ്രകര്‍മയാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ടാക്‌സി കാറില്‍ പ്രസവിച്ചത്.
മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു ഈശ്വരിയുടെ പ്രസവ ദിവസം ഡോക്ടര്‍മാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഈശ്വരിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇതോടെ കമലാ നെഹ്‌റു ആശുപത്രിയിലേക്കുപോകാന്‍ ഭര്‍ത്താവ് രമേശ് സിംഗ് ടാക്‌സി വിളിച്ചു. ഖണ്ടവയില്‍നിന്നും ടാക്‌സിയില്‍ ഈശ്വരിയേയും തന്റെ സഹോദരനെയും അമ്മയേയും കയറ്റി രമേശ് യാത്രയാക്കി. ഇദ്ദേഹം പിന്നാലെ ബൈക്കില്‍ ഇവരെ പിന്തുടര്‍ന്നു.
വീട്ടില്‍നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ഈശ്വരി പ്രസവിച്ചതായി തന്റെ സഹോദരന്‍ മൊബൈല്‍ ഫോണില്‍ അറിയിച്ചതായി രമേശ് പറഞ്ഞു. ഇതോടെ സംഭവം ആശുപത്രിയിലും രമേശ് അറിയിച്ചു. വിവരം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ കുട്ടിക്കും അമ്മയ്ക്കുമായി ആശുപത്രിക്കുമുന്നില്‍ കാത്തുനിന്നു. ടാക്‌സി എത്തിയയുടന്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം ആശുപത്രിവിട്ടു. വലിയൊരു അനുഭവമായിരുന്നു ഈ യാത്രയെന്ന് ടാക്‌സിഡ്രൈവര്‍ യെശ്വന്ത് പറയുന്നു. ഏകദേശം 30 മിനിറ്റിനുള്ളില്‍ കാര്‍ ആശുപത്രിയില്‍ എത്തിക്കാനായാതായും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു ശേഷമുള്ള ഈശ്വരിയുടെ ആദ്യത്തെ കാര്‍ യാത്രയായിരുന്നു ഇത്.
https://www.facebook.com/Malayalivartha


























