ദോക് ലാമില്‍ ചൈന വീണ്ടും റോഡിന് വീതി കൂട്ടുന്നു ; കൂടുതല്‍ സൈനികരെ വിന്യസിപ്പിക്കുന്നു

പ്രതിസന്ധി പരിഹാരമെല്ലാം കാറ്റില്‍പറത്തി ദോക് ലാമില്‍ വീണ്ടും ചൈനീസ് പ്രകോപനം. നേരിയ സമാധാനത്തിന് ശേഷം ഇവിടെ ചൈന റോഡ് നിര്‍മ്മാണം വീണ്ടും തുടങ്ങുകയും സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ദോക്‌ലാമിലെ പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യയ്ക്ക് വീണ്ടും തലവേദന ഉയര്‍ത്തുകയും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ കൂടുതല്‍ സംഘര്‍ഷകാരണമായി മാറുകയും ചെയ്യുകയാണ്.
ദോക് ലാമിലെ ചുംബി താഴ്‌വരയിലെ ചൈനീസ് സാന്നിദ്ധ്യം ഉത്ക്കണ്ഠ കൂട്ടാന്‍ കാരണമായിരിക്കുന്നതായി വ്യോമസേനാ തലവന്‍ ബിഎസ് ധനോവ പ്രതികരിച്ചു. ദോക് ലാമിന്റെ കാര്യത്തില്‍ ചൈനയും ഭൂട്ടാനും തമ്മിലുള്ള തര്‍ക്കങ്ങളില്‍ തിമ്പുവിന് ഇന്ത്യയുടെ പിന്തുണയുണ്ട്. ചൈന ദോക് ലാമിലൂടെ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് ജൂണ്‍ 16-ന് തുടങ്ങിയ ഇന്ത്യാ ചൈനാ തര്‍ക്കം 73 ദിവസമായി തുടരുകയാണ്. ഇതിനിടയില്‍ രണ്ടു കൂട്ടരും സൈനികരെ പിന്‍വലിക്കാന്‍ ധാരണ ഉണ്ടായെങ്കിലും ചൈന ഇവിടെ സൈനികരുടെ എണ്ണം കൂട്ടുകയാണ്.
ആഗസ്റ്റ് 28-ന് താല്‍ക്കാലികമായി പ്രതിസന്ധി പരിഹരിച്ചെങ്കിലും ചൈന വീണ്ടും പ്രകോപനം തുടരുകയാണ്. യാതുങ്ങ് പോസ്റ്റില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. മഞ്ഞുകാലത്ത് പിന്മാറിയ ദോക് ലാമിലെ ഇടങ്ങളിലെല്ലാം ചൈന മുമ്പത്തെ പോലെ തന്നെ സൈനികരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ദോക് ലാമില്‍ നിന്നുള്ള റോഡ് പണി പഴയത് പോലെ വീണ്ടും ആരംഭിച്ചിരിക്കുന്ന ചൈന റോഡിന് വീതി കൂട്ടല്‍ പോലെയുള്ള ജോലിയും തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥലത്തുനിന്നും 10 കിലോമീറ്റര്‍ ദൂരത്തേക്കാണ് റോഡ് പോകുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിര്‍മ്മാണ യന്ത്രങ്ങള്‍ക്ക് പുറമേ ബുള്‍ഡോസറുകളും മറ്റും ഇവിടേയ്ക്ക് കൊണ്ടുവന്നാണ് നിര്‍മ്മാണം മെച്ചപ്പെടുത്തുന്നത്. ഏതാനും നാളായി ചൈന കൈവശം വെച്ചിരിക്കുന്നതും പെട്രോളിംഗിനും മറ്റുമായി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ റോഡ് തങ്ങളുടെ അധീനപ്രദേശങ്ങളിലൂടെ ആണെന്നാണ് ഭൂട്ടാന്‍ വാദിക്കുന്നത്. അതേസമയം അത് സിക്കിം-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തിയായതിനാല്‍ ഇന്ത്യന്‍ മേഖലയായ സിക്കിമിലേക്ക് ചൈനയ്ക്ക് അനായാസം കടക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് റോഡ് നിര്‍മ്മാണമെന്നാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























