ജിഎസ്ടിയില്‍ അഴിച്ചു പണി; നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണിക്ക് ഒരുങ്ങുന്നു. 28 ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തി സാധാരണക്കാരന്റെ കൈപൊള്ളിച്ച ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന. ഈ മാസം 10ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേരുന്ന ജി.എസ്.ടി അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
ജി.എസ്.ടി വരുന്നതിനുമുമ്പ് നികുതിരഹിതമായിരുന്നവയും എക്‌സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവര്‍ധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉല്‍പന്നങ്ങളുടെ വില കുറക്കാനാണ് സാധ്യത. കൈകൊണ്ടുണ്ടാക്കുന്ന ഫര്‍ണിച്ചര്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, പൈപ്പുകള്‍, ഷാംപൂ, ബാത്ത്‌റൂം ഫിറ്റിങ്ങുകള്‍, സ്വിച്ചുകള്‍ എന്നിവയുടെ നികുതി നിരക്കില്‍ കുറവുവരുത്തുന്നതിനൊപ്പം നികുതി റിട്ടേണ്‍ സമര്‍പ്പണം ലളിതമാക്കാനും യോഗത്തില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജി.എസ്.ടിയില്‍ എല്ലാ തരം ഫര്‍ണിച്ചറും 28 ശതമാനം നികുതി സ്ലാബിലാണ് വരുന്നത്. മരംകൊണ്ടുള്ള ഫര്‍ണിച്ചര്‍ അസംഘടിത മേഖലയിലുള്ളവര്‍ കൈകൊണ്ട് നിര്‍മിക്കുന്നവയാണ്. ഇടത്തരക്കാരാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍. ഇവയുടെ നികുതി കുറക്കണമെന്ന് നേരത്തേതന്നെ ആവശ്യമുയര്‍ന്നിരുന്നു.
ഷവര്‍ ബാത്ത്, സിങ്ക്, വാഷ് ബേസിന്‍, ഫ്‌ലഷ് ടാങ്ക്, സ്‌പ്രേ രൂപത്തില്‍ വെള്ളം ചീറ്റുന്ന ഉപകരണം തുടങ്ങി 28 ശതമാനം സ്ലാബിലുള്ള സാനിറ്ററി ഉല്‍പന്നങ്ങളുടെ നികുതി കുറക്കുന്നതും കൗണ്‍സില്‍ പരിഗണിക്കും. ത്രാസുകള്‍, കംപ്രസറുകള്‍ എന്നിവയുടെ നികുതിയും 28ല്‍നിന്ന് 18ലേക്ക് കുറച്ചേക്കും. കംപ്രസറിന് നേരത്തേ 17.5 ശതമാനം നികുതിയുണ്ടായിരുന്നതാണ് ജി.എസ്.ടിക്ക് കീഴില്‍ 28 ശതമാനം ആയത്. എക്‌സൈസ്, വാറ്റ്, സേവന നികുതി തുടങ്ങി 12ലേറെ നികുതികള്‍ അഞ്ച്, 12, 18, 28 ശതമാനം വീതമുള്ള നികുതി സ്ലാബുകളിലേക്ക് ക്രോഡീകരിച്ചാണ് ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് ജി.എസ്.ടി നടപ്പാക്കിയത്.
https://www.facebook.com/Malayalivartha


























