മുപ്പത്തിയൊമ്പത് കുടുംബങ്ങളുടെ നാലു വര്‍ഷത്തെ കാത്തിരിപ്പിന് കണ്ണീരില്‍ കുതിര്‍ന്ന വിരാമം...

നാലുവര്‍ഷമായി മുപ്പത്തിയൊമ്പത് കുടുംബങ്ങള്‍ കണ്ണീരോടെ ഉറ്റവരെ കാത്ത് പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു പക്ഷെ ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. 2014ല്‍ ഇറാഖിലെ മൊസുളില്‍ നിന്ന് ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ 39 ഇന്ത്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ സ്ഥിരീകരികരിച്ചു. ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ പത്തുദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. പഞ്ചാബില്‍ നിന്ന് 27 പേര്‍, ഹിമാചല്‍ പ്രദേശില്‍നിന്ന് നാലുപേര്‍, ബിഹാറില്‍നിന്ന് ആറു പേര്‍, ബംഗാളില്‍നിന്ന് രണ്ടുപേര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടത്.
ബാഗ്ദാദില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. രക്ഷിതാക്കളുടെയും അടുത്തബന്ധുക്കളുടെയും രക്തസാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പരിശോധന. 38 പേരുടെ ഡി.എന്‍.എ. ഫലം പൂര്‍ണമായും ഒരാളുടേത് 70 ശതമാനവും അനുകൂലമാണെന്ന് ഇറാഖി സര്‍ക്കാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. ഏറെ ദുഷ്‌കരമായ അന്വേഷണത്തിനും തിരച്ചിലിനും ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൊസുളിന് വടക്കുപടിഞ്ഞാറുള്ള ബദോഷില്‍ നാട്ടുകാര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് ഒരു കുന്നിനുതാഴെയുള്ള കൂട്ടക്കുഴിമാടത്തില്‍ ഡീപ് പെനിട്രേഷന്‍ റഡാറുകള്‍ ഉപയോഗിച്ചുനടത്തിയ പരിശോധനയാണ് ഫലം കണ്ടത്. നീളമുള്ള മുടികള്‍, പഞ്ചാബി വളകള്‍ (കഡ), ഇറാഖികളുടേതല്ലാത്ത ചെരിപ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യക്കാരെന്ന് തിരിച്ചറിയാവുന്ന വസ്തുക്കള്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന് ബാഗ്ദാദിലെ മാര്‍ട്യര്‍ ഫൗണ്ടേഷന്റെ സഹായത്തോടെയായിരുന്നു ഡി.എന്‍.എ. പരിശോധന. 2014 ജൂണിലാണ് ഇറാഖിലെ മോസുളില്‍നിന്ന് 40 ഇന്ത്യക്കാരെ ഐ.എസ്. ഭീകരര്‍ തടവിലാക്കിയത്. ഇതില്‍ ഗുര്‍ദാസ്പുര്‍ സ്വദേശി ഹര്‍ജിത് മസിഹ് രക്ഷപ്പെട്ട് ഇര്‍ബിലില്‍ എത്തിയതോടെയാണ് ഇന്ത്യക്കാര്‍ തടവിലായവിവരം പുറംലോകമറിഞ്ഞത്.
മൊസൂളില്‍ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ ദൃക്‌സാക്ഷിയായ ഹര്‍ജിത് മാസിയുടെ വായ്മൂടിക്കെട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കംമുതല്‍ ശ്രമിച്ചത്.
മൊസൂളിലെ ബാദുഷിലെ കുന്നിന്‍മുകളിലേക്ക് കൊണ്ടുപോയവരെ നിരത്തി നിര്‍ത്തി വെടിവെച്ചന്നാണ് 2014ല്‍ത്തന്നെ ഇന്ത്യയില്‍ രക്ഷപ്പെട്ടെത്തിയ മാസി വെളിപ്പെടുത്തിയത്. കാലില്‍ വെടിയേറ്റ താന്‍ ബോധരഹിതനായി. പിന്നീട് ഉണര്‍ന്നപ്പോള്‍ എല്ലാവരും കൊല്ലപ്പെട്ടതായി കണ്ടു. അവിടെനിന്ന് രക്ഷപ്പെട്ട് അടുത്തുള്ള ബംഗ്ലാദേശി അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് മാസി വെളിപ്പെടുത്തിയത്.

മാസി പറയുന്നതെല്ലാം നുണയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടു. കേസെടുത്ത് മാസിയെ ജയിലിലുമടച്ചു. അനധികൃതമായി തൊഴിലാളിക്കടത്ത് നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്. ഒരുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മാസി ഇപ്പോള്‍ ജാമ്യത്തിലാണ്. 39 പേരെയും ഐഎസ് കൊലപ്പെടുത്തിയെന്ന് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ സമ്മതിച്ച സാഹചര്യത്തില്‍ തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മാസി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സ്വാധീനിച്ച് വിദേശകാര്യമന്ത്രാലയമാണ് തനിക്കെതിരെ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നതെന്നും മാസി പറഞ്ഞു.
മാസിയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന നിലപാടില്‍ വിദേശമന്ത്രി സുഷ്മ സ്വരാജ് ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ബംഗ്ലാദേശി മുസ്ലിമായി അഭിനയിച്ച് മാസി തുടക്കത്തില്‍ത്തന്നെ രക്ഷപ്പെട്ടന്നാണ് സുഷ്മയുടെ നിലപാട്.
40 പേരെയും മോസുളിലെ ഒരു തുണിഫാക്ടറിയിലാണ് ഭീകരര്‍ ആദ്യം അടച്ചതെന്നും മസിഹ് രക്ഷപ്പെട്ടശേഷം ഇവരെ ബദോഷിലെ ജയിലിലടച്ചെന്നുമാണ് കിട്ടിയ വിവരമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
ബദോഷിലെ നാട്ടുകാരാണ് ഐ.എസ്. ഭീകരര്‍ കുറെപ്പേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി ഇറാഖി അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന്, മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ ഇറാഖി സര്‍ക്കാരിനോട് ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു. 39 പേരും എങ്ങനെ, എപ്പോള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ലെന്ന് സുഷമ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ പരിശോധന വേണം. മരിച്ചതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കൂ എന്ന നിലപാടാണ് സര്‍ക്കാര്‍ അവസാനനിമിഷംവരെ പുലര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.
മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കുമെന്ന് രാജ്യസഭയിലും പുറത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തിലും സുഷമ പറഞ്ഞു. തിരികെക്കൊണ്ടുവരാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഉടന്‍ ഇറാഖിലേക്കു തിരിക്കും.മൃതദേഹങ്ങളും കൊണ്ടുള്ള പ്രത്യേകവിമാനം ആദ്യം അമൃത്സറിലെത്തും. തുടര്‍ന്ന് പട്‌ന, കൊല്‍ക്കത്ത എന്നിവിടങ്ങളിലും മൃതദേഹങ്ങളെത്തിക്കും.
https://www.facebook.com/Malayalivartha

























