ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും വെല്ലുവിളി; ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം

ശോഭാ സുരേന്ദ്രനെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ശോഭയുടെ ഒറ്റയാൾ ഉപവാസ സമരവും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപനവും എല്ലാം ബിജെപി അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ശോഭ സുരേന്ദ്രൻ സെക്രട്ടറിയറ്റിനു മുമ്പിൽ നടത്തിയ ഒറ്റയാൾ ഉപവാസവും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവും കടുത്ത അച്ചടക്ക ലംഘനമാണെന്ന് ബിജെപി ഔദ്യോഗിക നേത്വത്വത്തിന്റെ വിലയിരുത്തൽ. സ്‌ഥാനാർഥികളെ അന്തിമമായി തീരുമാനിക്കുക കേന്ദ്രനേതൃത്വമാണെന്ന് അറിഞ്ഞുകൊണ്ടാണ് പരസ്യ പ്രതികരണം. ബിജെപിയിൽ കുഴപ്പം തുടരുന്നുവെന്ന് വരുത്താനുള്ള ബോധപൂർവമായ ശ്രമം ഇതിനുപിന്നിലെന്നാണ് ഇപ്പോൾ കരുതുന്നത്. മാത്രമല്ല മറ്റെന്തെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടോ എന്നും നേതൃത്വം സംശയിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം വെല്ലുവിളിയായാണ് കാണുന്നത്. ശോഭയുടെ സമരത്തെ കുറിച്ച് തനിക്കറിയില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ പ്രതികരണം ബിജെപി അണികളെ ഞെട്ടിച്ചിരുന്നു. സ്ഥാനാർത്ഥികളെ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുകയെന്ന വിശദീകരണം ശോഭയുടെ നടപടിയോടുള്ള എതിർപ്പാണ് വ്യക്തമാക്കുന്നത്. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ കണ്ടിട്ടും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിലുള്ള നിരാശയാണ് ശോഭയെ പരസ്യനിലപാടിന് പ്രേരിപ്പിച്ചത്.
മോദിയെ കണ്ട് പരാതി പറഞ്ഞത് നദ്ദയോടും കേരളത്തിന്റെ ചുമതലയുള്ള ബി എൽ സന്തോഷിനോടുമുള്ള വെല്ലുവിളിയാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ആര് പോകണം, പോകണ്ട എന്ന് തീരുമാനിക്കുക പാർടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻപറഞ്ഞിരുന്നു. അതിൽ മാധ്യമങ്ങൾക്കെന്താ കാര്യം. നിങ്ങൾ വാർത്ത കൊടുക്കും. അതേപ്പറ്റിയൊന്നും പ്രതികരിക്കാനാകില്ല. മുതിർന്ന നേതാക്കളെ ഒഴിവാക്കി മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്‌മിതാ മേനോൻ പ്രധാനമന്ത്രി മോഡിയെ സ്വീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സുരേന്ദ്രൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് തന്നെ അറിയിച്ചിട്ടില്ല. മാധ്യമങ്ങൾ പറഞ്ഞാണറിഞ്ഞത്. ആര് മത്സരിക്കണം, വേണ്ട എന്നതൊക്കെ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുക. ശോഭാസുരേന്ദ്രന്റെ സമരപ്പന്തൽ സന്ദർശിക്കൽ അപ്രായോഗികമാണ്. ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha