ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു? നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള സൂചനകൾ പുറത്ത്

നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വരികയാണ്. നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചുവെന്ന വിവരം പുറത്ത് വരുന്നു . നേമത്തിന് പുറമേ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.
ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മന്‍ചാണ്ടിയോടും വട്ടിയൂര്‍ക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് നേരത്തെ ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.
തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016 ലെ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.
നേരത്തെ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ . പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് . ജസ്റ്റിന്‍ എന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഉമ്മന്‍ചാണ്ടി നേരിട്ട് അനുനയ ശ്രമം നടത്തിയതോടെ പ്രവര്‍ത്തകന്‍ താഴെ ഇറങ്ങി വരികയായിരുന്നു.
ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടാല്‍ പിന്നെ തങ്ങള്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോയെന്നും ഹൈകമാന്‍ഡോ, സോണിയ ഗാന്ധിയോ രാഹുലോ ആര് പറഞ്ഞാലും തങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ വിട്ടു നല്‍കില്ലെന്നും ജസ്റ്റിന്‍ മാധ്യങ്ങളോട് പ്രതികരിക്കുകയുണ്ടായി .ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന്‍ ആത്മഹത്യാ ഭീഷണി മുഴക്കി വീടിന് മുകളില്‍ കയറിയത്. ഇതിന് പിന്നാലെ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങുകയും ജസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ കോണ്‍ഗ്രസ് നിശ്ചയിച്ച 81 സ്ഥാനാര്‍ത്ഥികളില്‍ പുതുപ്പള്ളിയില്‍ തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു . ബാക്കിവച്ച മറ്റ് നിയോജക മണ്ഡലങ്ങള്‍ നേമം ഉള്‍പ്പടെയുള്ളവയായിരുന്നു . നേമത്ത് പല പേരുകളും ഉയർന്ന് കേട്ടു . ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ തന്നോട് നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് തനിക്ക് പുതുപ്പള്ളിയിലെ വികാരം മനസിലാക്കണമെന്ന് ഉണ്ടായിരുന്നു. മറ്റൊരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ബഹളങ്ങളെല്ലാം ഉണ്ടായത് . പുതുപ്പള്ളിയെ സംബന്ധിച്ച് ഇന്നലെ തന്നെ അനുമതി കിട്ടിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. തലമുറകളായി തന്നെ സഹായിച്ചവരാണ് പുതുപ്പള്ളിക്കാര്‍. അവരുടെ സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ അഭിവാദ്യം എന്നും അദ്ദേഹം പറഞ്ഞിരുന്നു,
https://www.facebook.com/Malayalivartha