താമര നിലനിർത്താനൊരുങ്ങി കുമ്മനം രാജശേഖരൻ; ഭരണം ഉറപ്പിക്കാൻ ശിവൻ കുട്ടി; നെഞ്ച് വിരിച്ച് വി മുരളീധരൻ ; വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങി നേമം

ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങൾ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. അത്തരത്തിലുള്ള മണ്ഡലങ്ങളിൽ ഒന്നാണ് നേമം . നേമത്ത് ശരിക്കും ഒരു ത്രികോണ പോരാട്ടം തന്നെയാണ് അരങ്ങേറുന്നത്. അവിടെ ആരു ജയിക്കുന്നു എന്നതും ആര് രണ്ടാം സ്ഥാനത്തെത്തുന്ന എന്നതും ആര് മൂന്നാംസ്ഥാനത്ത് എത്തുന്നത് എന്നതുമെല്ലാം തന്നെ ചില കാര്യങ്ങൾ നിർണയിക്കാൻ ഉതകുന്നതാണ്.
ദേശീയതലത്തിലും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നമണ്ഡലം തന്നെയാണ് നേമം. അതുകൊണ്ടുതന്നെ നേമം മണ്ഡലത്തിലെ പോരാട്ടം കടുക്കുകയും ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടിയും, യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരനും, ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ആണ് ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്. എന്തുകൊണ്ട് നേമം മണ്ഡലം ഇത്രയധികം ശ്രദ്ധയാകർഷിക്കുന്നു എന്ന് നോക്കാം.
നേമത്തു 2016ൽ ആയിരുന്നു താമര വിരിഞ്ഞത്. ഒ.രാജഗോപാൽ വിരിയിച്ച താമരയെ ഉറപ്പിച്ചു നിർത്താൻ കുമ്മനം രാജശേഖരനുണ്ടെന്നു ബിജെപി വിശ്വസിക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ അധികാര മണ്ഡലത്തിൽ നിന്നുംജയിക്കാൻ സാധിക്കുമെന്ന ധൈര്യത്തോടെ കോൺഗ്രസിന്റെ കെ. മുരളീധരനും സിപിഎമ്മിന്റെ വി.ശിവൻകുട്ടിയും മുഖാമുഖം നിൽക്കുന്നു.
കഴിഞ്ഞ ദിവസം കൊഞ്ചിറവിള ദേവീക്ഷേത്ര മുറ്റത്തു വച്ച് കുമ്മനവും ശിവൻകുട്ടിയും ഉപചാരങ്ങൾ കൈമാറി. ഇരു സ്ഥാനാർഥികളും അടുത്തു പരിചയമുള്ളവരല്ല. എന്നാൽ, കുമ്മനവും മുരളീധരനും 2016ൽ വട്ടിയൂർക്കാവിൽ മുഖാമുഖം മത്സരിച്ചവരാണ്.കുമ്മനത്തെ അന്നു മുരളി തോൽപ്പിച്ചപ്പോൾ എൽഡിഎഫിലെ ടി.എൻ.സീമ മൂന്നാം സ്ഥാനത്തായതു മുന്നണിയെ വളരെയധികം ആശങ്കയിലാഴ്ത്തിയിരുന്നു.
പക്ഷേ, നേമത്തെ യുഡിഎഫിന്റെ മൂന്നാം സ്ഥാനമാണ് അന്നു കേരളം ചർച്ച ചെയ്തത്. രാജഗോപാലും ശിവൻകുട്ടിയും നേർക്കുനേർ പോരാടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ജനതാദളിന്റെ വി.സുരേന്ദ്രൻപിള്ളയ്ക്കു ലഭിച്ചത് വെറും 13,860 വോട്ട്! ബിജെപിക്കു വോട്ടു മറിച്ചുവെന്ന ആക്ഷേപം ഇക്കുറി തിരുത്തിയേ പറ്റൂവെന്ന് കോൺഗ്രസ് തീരുമാനിച്ചു. മുന്നിൽ നിർത്താൻ ആദ്യം ശ്രമിച്ചത് ഉമ്മൻ ചാണ്ടിയെ. ഒടുവിൽ വടകര തൊട്ടു വട്ടിയൂർക്കാവ് വരെ ഏതു പോർക്കളത്തിലും ഇറക്കാവുന്ന പോരാളിയെ നിശ്ചയിച്ചു: കെ. മുരളീധരൻ.
ആകെ വോട്ടർമാരിൽ 60 ശതമാനത്തിൽ കൂടുതൽ ഭൂരിപക്ഷ വിഭാഗത്തിലുള്ളവർ ആയതിനാൽ ബിജെപി കേരളത്തിൽ ഏറ്റവും വിശ്വാസമർപ്പിക്കുന്ന മണ്ഡലമാണ് നേമം. അവിടെ വോട്ടർമാരെ വീഴ്ത്തിയതു പാർട്ടിക്കു പുറത്തുള്ള തന്റെ സ്വീകാര്യതകൊണ്ടു കൂടിയാണെന്ന് രാജഗോപാൽ ആവർത്തിക്കുന്നുണ്ട്. എന്നാൽ, 2016നു ശേഷം നടന്ന ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം കൂടെ നിന്നത് എൻഡിഎക്കൊപ്പമാണ്ഈ നഗരമണ്ഡലത്തിലെ 21 കോർപറേഷൻ വാർഡുകളിൽ പതിനാലിലും ബിജെപിയാണ്.
ബാക്കി ഏഴിൽ എൽഡിഎഫ് ആണ്. മുരളീധരന്റെ അപ്രതീക്ഷിത വരവോടെ കുമ്മനവും ശിവൻകുട്ടിയും വളരെ അധികം ശ്രദ്ധ പുലർത്തുന്നുണ്ട്. 2016ലെ എൽഡിഎഫ് – എൻഡിഎ മത്സരത്തിനു പകരം അതിശക്ത ത്രികോണപ്പോര് എന്നു 3 മുന്നണികളും ഉറപ്പിക്കുന്നു. ജയിച്ചാൽ മറ്റെങ്ങും പോകാതെ 5 വർഷവും എംഎൽഎ ആയി ഇവിടെ ഉണ്ടാകുമെന്നു കുമ്മനവും ശിവൻകുട്ടിയും വാക്കു നൽകുന്നു.വടകരയിലെ ലോക്സഭാംഗം കൂടിയാണ് മുരളി. വട്ടിയൂർക്കാവ് പോലെ നേമത്തെ പരിപാലിച്ചു കൂടെ നിൽക്കുമെന്നു മുരളിയും ഉറപ്പു കൊടുക്കുന്നു.
മണ്ഡലത്തിൽ സ്വാധീനം ചെലുത്തുന്ന ആർഎസ്എസിന്റെ പിൻബലത്തെയും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെയും മറികടക്കാൻ മുരളീധരൻ എന്ന പേര് ഉയർത്തുന്ന ആവേശം കൊണ്ടു കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. ഒന്നാമൻ ആകാനുള്ള മത്സരം മാത്രമല്ല നേമത്തു നടക്കുന്നത്. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാതിരിക്കാനുള്ള ജീവന്മരണപ്പോരാട്ടം കൂടിയാണ്. കാരണം അത് രാഷ്ട്രീയ ലോകത്ത് അത്രമേൽ പ്രധാനപ്പെട്ട ഒന്നാണ്.
https://www.facebook.com/Malayalivartha