തുറുപ്പ് ചീട്ടായ ശബരിമലയെ പ്രയോഗിച്ച് പ്രതിപക്ഷ മുന്നണികൾ... കാനത്തിനെതിരെ തുറന്നടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ...

തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ തുറുപ്പ് ചീട്ടായി ശബരിമല വിഷയം മാറുമ്പോൾ, അതിനെ വേണ്ടവിധം ഉപയോഗിക്കുകയാണ് ഇരുകൂട്ടരും. ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് എൻഎസ്എസും.
ശബരിമല വിഷയത്തിൽ, നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിനു വേണ്ടി മാത്രമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റെന്നും, കേസ് തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാരിനാണ് കുഴപ്പമെന്നു പറയുന്നുവെന്നും കാനം കുറ്റപ്പെടുത്തിയിരുന്നു. കേസ് നിലവിലുണ്ട് എന്ന കാര്യം അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നുവെന്ന് സുകുമാരൻ നായർ പറഞ്ഞു.
കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി, ഇപ്പോൾ പറയുന്നത് ശബരിമല കേസിൽ അന്തിമ വിധി വരുമ്പോൾ വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ എല്ലാവരുമായും ആലോചിച്ച ശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്.
എന്നാൽ, ഇക്കാര്യത്തിൽ അവരുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേയെന്നും അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയിൽ ശബരിമല കേസിന്റെ തുടക്കം 2006ലാണ്. 2008ൽ എൻഎസ്എസ് അതിൽ കക്ഷിചേർന്നിരുന്നു.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് 2018 സെപ്റ്റംബർ 9ന് വിധിയുണ്ടായി. ഈ വിധിക്കെതിരെ എൻഎസ്എസ് 2018 ഒക്ടോബർ 8ന് ഭരണഘടനാ ബെഞ്ച് മുൻപാകെ റിവ്യൂ ഹർജി ഫയൽ ചെയ്തിരുന്നു.
അതനുസരിച്ച് റിവ്യൂ ഹർജികളിൻമേൽ 2019 ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനമായി. വിധിയിൽ ചില അപാകതകൾ ഉണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേസ് ഒൻപതംഗ വിശാല ബെഞ്ചിന്റെ പരിഗണയ്ക്കു വിട്ടുകൊടുത്തു.
കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതേയുള്ളൂവെന്നും സുകുമാരൻ നായർ പരാമർശിച്ചു. ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റുവെന്നും ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തി എതിരിക്കുകയാണ് എന്നുമായിരുന്നു കാനം നടത്തിയ പരാമർശം.
കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദയെന്നും കാനം പറഞ്ഞു. ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ട് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നേരത്തേ പറഞ്ഞത്.
ശബരിമല യുവതീപ്രവേശ വിഷയത്തിൽ സിപിഎമ്മും ഇടതു സർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു.
2018ലെ നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരിക്കെയാണ് അന്നത്തെ നടപടികളെ ന്യായീകരിച്ചു യച്ചൂരി രംഗത്തെത്തിയത്. ഈ വിമർശനത്തിനാണ് ഇപ്പോൾ സുകുമാരൻ നായർ തന്നെ നേരിട്ട് മറുപടി നൽകിയത്.
https://www.facebook.com/Malayalivartha