സി.പി.എം-ബി.ജെ.പി ധാരണ ശരിവെച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്... ഉദമുയില്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജന്റെന്നും പരാമർശം...

കോലീബി അഥവാ കോൺഗ്രസ്–ലീഗ്–ബിജെപി സഖ്യം ചർച്ചയാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നെന്ന് ശരിവെച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. 15 വര്‍ഷം മുന്‍പ് സി.പി.എം-ബി.ജെ.പി ധാരണയുണ്ടായിരുന്നു എന്നാണ് എം.ടി രമേശ് വെളിപ്പെടുത്തിയത്.
ഉദമുയില്‍ കെ.ജി മാരാര്‍ മത്സരിച്ചപ്പോള്‍ പിണറായി വിജയനായിരുന്നു ചീഫ് ഏജന്റെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കേരളത്തില്‍ സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടാണെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആർ. ബാലശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.
ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നായിരുന്നു ബാലശങ്കറിന്റെ പ്രസ്താവന.
കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍.ബാലശങ്കര്‍ ചോദ്യം ഉന്നയിച്ചിരുന്നു. നേരത്തെ ആര്‍. ബാലശങ്കറിനെ ചെങ്ങന്നൂരില്‍ പരിഗണിക്കുന്നതായി വാര്‍ത്തകൾ വന്നിരുന്നു.
എന്നാല്‍ അവസാന നിമിഷമാണ് ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാറാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായിട്ടുള്ളത്. കേരളത്തില്‍ ബി.ജെ.പിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാധ്യതയും ഇതോടെ ബി.ജെ.പി കളഞ്ഞു കുളിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ നിന്നു വിജയിക്കുന്നത് തടയണമെന്ന താല്‍പര്യമാണ് ഇതിന് പിന്നിലുള്ളത്. കേരളത്തില്‍ ബി.ജെ.പി. നന്നാവരുതെന്ന നിര്‍ബ്ബന്ധവും ഇതിനു പിന്നിലുണ്ട്. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോള്‍ ബി.ജെ.പി നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥികളെ നോക്കൂ.
ബി.ജെ.പിക്ക് ഒരു ശബ്ദം കൊടുക്കാന്‍ പോലും കഴിവില്ലാത്ത സ്ഥാനാര്‍ത്ഥികളാണവര്‍. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബി.ജെ.പി. കളഞ്ഞുകുളിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ‘എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഒരു പോലെ പിന്തുണച്ചിരുന്നു.
ബി.ജെ.പിക്ക് ഇക്കുറി ജയസാധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍,’ അമിത്ഷായ്ക്കും മോദിക്കും വരെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായും മോദിയുടെ അറിവോടു കൂടിയാണ് താന്‍ കേരളത്തിലേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കോലീബി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ. രാജഗോപാൽ കഴിഞ്ഞ ദിവസമായിരുന്നു വെളിപ്പെടുത്തിയത്. വടക്കൻ കേരളത്തിലായിരുന്നു ഇത് കൂടുതലായും ഉണ്ടായിരുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളും. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ടു വർധിപ്പിക്കാൻ സാധിച്ചു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഗുണം ഉണ്ടായി.
പൊതുശത്രുവിനെ തോൽപിക്കാനുള്ള അഡ്ജസ്റ്റ്മെന്റുകളിൽ തെറ്റില്ലെന്നും പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ധാരണകൾ വേണ്ടി വരും. ഇത്തരം സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല.
മറ്റൊരു പാർട്ടിയുടെ കൊള്ളരുതായ്മയ്ക്കു കൂട്ടുനിൽക്കരുതെന്നു മാത്രം. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ആർ. ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണ്. ആരോ പറയുന്നത് അദ്ദേഹം ഏറ്റുപറയുകയാണ്.
https://www.facebook.com/Malayalivartha