അഭ്യസ്തവിദ്യരുടെ അങ്കത്തട്ടായി പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് ചൂട്... ബിരുദധാരികൾ, സിവിൽ സർവ്വീസുകാർ മുതൽ പത്മശ്രീ ലഭിച്ചവർ വരെ...

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ വമ്പൻ പോരാട്ടമാണ് നടക്കാനൊരുങ്ങുന്നത്. കാരണം മറ്റൊന്നുമല്ല, പല മേഖലകളിലും കഴിവുള്ളവരും വിദ്യാസമ്പന്നരുമായ സ്ഥാനാർഥികളെയാണ് പാലക്കാട് ജില്ലയിൽ മൂന്നു മുന്നണികളിലുമായി രംഗത്തിറക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള അനുഭവസമ്പത്തും ദീർവീക്ഷണവുമുള്ള ഒത്തിരി വ്യക്തികളാണ് അങ്കത്തിനിറങ്ങുന്നത്.
പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ മെട്രോമാൻ ഇ. ശ്രീധരൻ 2001ൽ പത്മശ്രീയും 2008ൽ പത്മവിഭൂഷൺ ബഹുമതിയും നേടിയ വ്യക്തിയാണ്. ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി. സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ചു പൊതുപ്രവർത്തനത്തിനിറങ്ങിയ വ്യക്തിയാണ്.
ഇന്ത്യൻ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് സർവീസ് ലഭിച്ച ഇദ്ദേഹം കേരളത്തിലും കർണാടകയിലും ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി ജോലി ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് നാടിന്റെ നന്മയ്ക്കായി രാഷ്ട്രീയ രംഗത്തിറങ്ങിയത്.
സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ട എംബിബിഎസ് ബിരുദധാരി ഒറ്റപ്പാലത്തെ ഡോ.പി.സരിനാണ്. പാലക്കാട്ടെ ഇ. ശ്രീധരൻ, തൃത്താലയിലെ യുഡിഎഫ് സ്ഥാനാർഥി വി.ടി.ബൽറാം എന്നിവർ എൻജിനീയറിങ് ബിരുദം നേടിയവരാണ്. സി.പി.പ്രമോദ് (പാലക്കാട്), കെ.പ്രേംകുമാർ (ഒറ്റപ്പാലം), കെ.ശാന്തകുമാരി (കോങ്ങാട്), എം.ബി.രാജേഷ് (തൃത്താല) എന്നിവരാണ് ഇടതുപക്ഷത്തെ നിയമബിരുദധാരികൾ.
റാങ്കോടെയാണ് പ്രേംകുമാർ എൽഎൽബി പാസായത്. യുഡിഎഫിൽ വി.ടി. ബൽറാം (തൃത്താല), എൻ. ഷംസുദ്ദീൻ (മണ്ണാർക്കാട്), സുമേഷ് അച്യുതൻ (ചിറ്റൂർ) എന്നിവരാണു മറ്റ് നിയമബിരുദധാരികൾ. തൃത്താലയിലെ ശങ്കു ടി. ദാസാണ് എൻഡിഎ സ്ഥാനാർത്ഥിയായ വക്കീൽ.
ഡിഗ്രികൾ ഉള്ളതിൽ ഒന്നാമൻ വി.ടി. ബൽറാമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദം, തൃശൂർ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക്, തൃശൂർ ഗവ. ലോ കോളജിൽ നിന്ന് എൽഎൽബി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ എന്നിവ നേടിയിട്ടുണ്ട്. പല കോഴ്സുകളും റാങ്കോടു കൂടിയാണ് ഇദ്ദേഹം പാസായത്.
തരൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. എ. ഷീബ എംഎസ്‌സിയും ബിഎഡും നേടിയ വ്യക്തിയാണ്. എതിർ സ്ഥാനാർഥി എൽഡിഎഫിലെ പി.പി. സുമോദും എം.എ, ബിഎഡ് ബിരുദധാരിയാണ്. പാലക്കാട്ടെ ഷാഫി പറമ്പിൽ എംബിഎ, തൃത്താലയിലെ എം.ബി. രാജേഷ് എംഎ ഇക്കണോമിക്സ് യോഗ്യതയുള്ളവരാണ്.
പട്ടാമ്പിയിലെ സിപിഐ സ്ഥാനാർഥി മുഹമ്മദ് മുഹസിൻ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ നിന്ന് എംഫിൽ നേടിയിട്ടുമുണ്ട്. എന്തായാലും നിഷ്പക്ഷവോട്ടുകാരെ ഒന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് പാലക്കാട് നടക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പ്. സ്ഥാനാർഥികൾ എല്ലാവരും വിദ്യാസമ്പന്നരും ഒന്നിനൊന്ന് മികച്ചവരും ആണെന്നത് വോട്ടർമാരെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ലാത്ത ഒന്നാണ്.
https://www.facebook.com/Malayalivartha