ത്രികോണമത്സരത്തിന് വഴിയൊരുക്കി നെടുമങ്ങാട് മണ്ഡലം... ആര് വാഴും ആര് വീഴും എന്ന് കാത്തിരുന്ന് കാണണം... കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ...

നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെടുന്ന മാണിക്കല്‍, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലമാണ് നെടുമങ്ങാട്. 1957 മുതല്‍ 2016 വരെയുള്ള മണ്ഡല ചരിത്രം പരിശോധിച്ചാല്‍ ചുരുക്കം ചില സമയങ്ങളൊഴികെ ഏറെക്കാലം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനാണ് നെടുമങ്ങാട് തയ്യാറായത്.
ഇരുമുന്നണികളോടും സമദൂര നിലപാട് കാണിക്കുന്ന സ്വഭാവമാണ് അടുത്ത കാലം വരെ ഇവിടം പ്രകടിപ്പിക്കുന്നത്.1957 മുതല്‍ 1991 വരെ ഇടതുപക്ഷത്തിനായി സിപിഐ സ്ഥാനാര്‍ഥികളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.
എന്നാല്‍ 1991ലെ തിരഞ്ഞെടുപ്പില്‍ പാലോട് രവിയെ നിര്‍ത്തി മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. 10 വര്‍ഷം കഴിഞ്ഞ് 2001ല്‍ മണ്ഡലം വീണ്ടും ഇടതുമുന്നണിയെ വിജയിപ്പിച്ചു. പിന്നീട് 2011ല്‍ വീണ്ടും പാലോട് രവിയും 2016ല്‍ സിപിഐയിലെ സി. ദിവാകരനും വിജയിച്ചു.
ഇവിടെ ഹിന്ദു-മുസ്ലീം- ക്രിസ്ത്യന്‍ മത വിശ്വാസികളുടെ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ നല്ല രീതിയിൽ ശ്രമിക്കും. യുഡിഎഫിന്റെ പരമ്പരാഗത വോട്ടു ബാങ്കായ നായര്‍, ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ യുഡിഎഫിന് സാധിച്ചാല്‍ ഇത്തവണ വിജയിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്.
എന്നാല്‍ പിന്നാക്ക ഹിന്ദു വിഭാഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളിലുമാണ് എല്‍ഡിഎഫിന്റെ കണ്ണ്. കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും വോട്ടു ബാങ്കുകളിലേക്ക് കടന്നു കയറുകയാണ് എന്‍ഡിഎ ഇവിടെ ചെയ്യുന്നത്. ഈയൊരു സാഹചര്യത്തില്‍ മണ്ഡലത്തില്‍ നിര്‍ണായകമാവുക ന്യൂനപക്ഷ വോട്ടുകള്‍ അനുസരിച്ച് ആയിരിക്കും.
മൂന്ന് മുന്നണികളും ശക്തരായ സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പി.എസ്. പ്രശാന്ത് കെ.പി.സി.സി സെക്രട്ടറിയാണ്. കെ.എസ്.യു പ്രവർത്തകനായി വളര്‍ന്നുവന്ന രാഷ്ട്രീയക്കാരന്‍. സിപിഐയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെ വളര്‍ന്ന് എ.ഐ.വൈ.എഫ്, കിസാന്‍ സഭ, എ.ഐ.ടി.യു.സി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വന്നയാളാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി ജി.ആര്‍. അനില്‍. അദ്ദേഹത്തിനും വളരെ മികച്ച ഇമേജാണ് തലസ്ഥാനത്ത് എമ്പാടും ഉള്ളത്.
ബി.ജെ.പി. സംസ്ഥാന ട്രഷററായ അഡ്വ. ജെ.ആര്‍. പദ്മകുമാറാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദവലയമുള്ള നേതാവാണ് പദ്മകുമാര്‍. ഇങ്ങനെ നോക്കിയാല്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് മണ്ഡലത്തിലുള്ളത്. ശക്തരായ സ്ഥാനാര്‍ഥിയാണെങ്കില്‍ മണ്ഡലത്തില്‍ ബിജെപിക്ക് കൂടുതല്‍ വോട്ടുകിട്ടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് കണക്കുകളിലേക്ക് വരുമ്പോള്‍ എല്‍ഡിഎഫ് നിലമെച്ചപ്പെടുത്തുന്നു. മണ്ഡലത്തില്‍ ബിജെപിക്ക് കിട്ടുന്ന വോട്ടുകളും വര്‍ധിച്ചു. തദ്ദേശത്തിലെ കണക്കുകളിലാണ് എല്‍ഡിഎഫും എന്‍ഡിഎയും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ മൂന്ന് വ്യത്യസ്ഥ തിരഞ്ഞെടുപ്പുകളിലും ക്രമാനുഗതമായ വളര്‍ച്ചയാണ് എന്‍ഡിഎ വോട്ടുകളിലുള്ളത്. അതില്‍ വര്‍ധനവ് വരുന്നതല്ലാതെ ഗണ്യമായ ഇടിവ് വരുന്നില്ല എന്നതിനാല്‍ പൊളിറ്റിക്കല്‍ വോട്ടായി തന്നെയാണ് ഇതിനെ കണക്കുകൂട്ടുന്നത്.
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കാനായതിന്റെ ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. പോരാത്തതിന് മണ്ഡലത്തിന് ഇടതുമനസുണ്ടെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആത്യന്തികമായി മൂന്നു മുന്നണിയും പ്രതീക്ഷ വെക്കുമ്പോഴും സ്ഥാനാര്‍ഥി മികവിന് കിട്ടുന്ന വോട്ടുകള്‍ കടുത്ത പോരാട്ടത്തില്‍ നിര്‍ണായകമാകും. എങ്ങോട്ട് ചായുമെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത പോരാട്ടമാണ് നെടുമങ്ങാട്ടേത്. അടിയൊഴുക്കുകള്‍ക്കും സാധ്യതയുള്ള മണ്ഡലമാണ് ഇത്.
https://www.facebook.com/Malayalivartha