സ. ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത് ; തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നത് ഉറപ്പാണ് ; നിലപാട് വ്യക്തമാക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

തെരഞ്ഞെടുപ്പുചരിത്രം മാറ്റിയെഴുതി ഇതാദ്യമായി ഒരു തുടര്‍ഭരണത്തിനുള്ള ജനാഭിലാഷമാകും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നത് ഉറപ്പാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ സ. ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരമേറ്റതിന്റെ 64-ാം വാര്‍ഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളം വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രചാരണഘട്ടത്തിലുടനീളം ഗ്രാമ-നഗര ഭേദമന്യേ ദൃശ്യമായത് തുടര്‍ഭരണത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ശക്തമായ വികാരമാണ്. കേരളമാകെ എല്‍.ഡി.എഫ് തരംഗം അലയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .
പ്രതിസന്ധികളില്‍ നാടിനെ സധൈര്യം മുന്നോട്ടുനയിച്ച സര്‍ക്കാരിന്റെ വികസനക്ഷേമ നേട്ടങ്ങളുടെ തുടര്‍ച്ചയ്‌ക്കായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക. മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി ഭരണം കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ അതിനെതിരായ രാജ്യത്തിന്റെ ചെറുത്തുനില്‍പ്പിന് കേരളത്തിലെ ഇടതുപക്ഷ വിജയം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ വികസന പ്രശ്‌നങ്ങളോ രാജ്യം നേരിടുന്ന പ്രതിസന്ധികളോ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തയ്യാറായില്ല. പകരം ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്.
ഈ നിഷേധാത്മക രാഷ്ട്രീയം വിനാശകരമാണെന്ന് വോട്ടര്‍മാര്‍ മനസിലാക്കി കഴിഞ്ഞു . യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞ നുണക്കഥകളൊന്നും ഏശിയില്ലെന്ന് വിധിയെഴുത്ത് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു .
പൗരത്വ നിയമം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ തയ്യാറാകാത്ത യു.ഡി.എഫ് നേതൃത്വം ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി വോട്ടുകച്ചവടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
കുറച്ച് വോട്ടിനും സീറ്റിനും വേണ്ടി നാടിന്റെ താല്‍പ്പര്യം ബലികഴിക്കുന്നവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും ജനവിധി. വോട്ടുകച്ചവടത്തിലൂടെ സീറ്റുകള്‍ നേടാമെന്ന യുഡിഎഫിന്റെ അവസാന പ്രതീക്ഷയും അസ്‌ഥാനത്താണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
രാജ്യമാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനവിധിയുടെ പ്രധാന്യം കേരളത്തിലെ വോട്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. നവകേരളസൃഷ്ടിക്കായുള്ള മുന്നേറ്റത്തിന് ഊര്‍ജ്ജം പകരാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്
അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha