തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിപറഞ്ഞ് വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നു; പരാതിയുമായി ചിറ്റയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാർ

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വ്യക്തിപരമായി അധിക്ഷേപിക്കുകയും ജാതിപറഞ്ഞ് വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നു. ഇത് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നിരവധി പരാതികള്‍ വരണാധികാരിക്ക് നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന ആക്ഷേപവുമായി ചിറ്റയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാർ വരണാധികാരിയായ ആര്.ഡി.ഒക്ക് പരാതി നല്കി.
'അടൂര്‍ പൗരാവലി' എന്ന പേരില്‍ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നതും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന കടമ്പനാട് സ്വദേശി നല്കിയ പരാതിയിലും ഇതുവരെ നടപടി ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാര്‍ ആര്‍ഡി.ഒക്ക് പരാതി നല്‍കിയത്.ആര്.ഡി.ഒ പരാതി ഡിവൈ.എസ്.പിയെ ഏല്പിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനുശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.പി. ജയന്, പ്രസിഡന്റ് ടി.ഡി. ബൈജു, സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഡി. സജി, അരുണ്‍ കെ.എസ്. മണ്ണടി, എസ്. മനോജ്, എ.ആര്. അജീഷ്കുമാര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.
അതേ സമയം സമാനമായ പ്രതിഷേധം വരണാധികാരിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി നടത്തിയിരുന്നു. വരണാധികാരിക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി യു.ഡി.എഫ് സ്ഥാനാര്‍ഥി. സമൂഹ മാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും അപവാദപ്രചാരണം നടത്തിയത് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും നടപടി വൈകിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് വരണാധികാരിയായ അടൂര്‍ ആര്.ഡി.ഒയുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു .
തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നല്കി കഴിഞ്ഞു. രാവിലെ നല്കിയ പരാതിയിന്മേല് നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രചാരണം നിര്‍ത്തിവെച്ച് രാവിലെ 11.30നുശേഷം കണ്ണന് ആര്.ഡി.ഒ ഓഫിസിന് മുന്നില്‍ എത്തുകയും ചെയ്തു .
കണ്ണന് ആര്.ഡി.ഒ എസ്. ഹരികുമാറിന് മുന്നില്‍ തറയില്‍ ഇരിക്കുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആര്.ഡി.ഒ ഓഫിസ് കവാടം ഉപരോധിക്കുകയും ചെയ്തു . സംഭവം സംബന്ധിച്ച് അടൂര്‍ ഡി.വൈ.എസ്.പിക്കും താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഡിവൈ.എസ്.പിയും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും കണ്ണന് വ്യക്തമാക്കി.
ഉച്ചകഴിഞ്ഞ് 12.30ന് ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഢി ആര്.ഡി.ഒ ഓഫിസില്‍ എത്തി സംസാരിച്ചെങ്കിലും എഫ്.ഐ.ആര് കിട്ടാതെ സമരം അവസാനിപ്പിക്കില്ല എന്നായിരുന്നു കണ്ണൻ സ്വീകരിച്ച നിലപാട്.
ഒടുവില്‍ ഡിവൈ.എസ്.പി ബി. വിനോദ് എത്തി കേസെടുത്തതിനുശേഷമാണ് ഒരു മണിക്കുശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആന്റോ ആന്റണി എം.പിയും സ്ഥലത്തെത്തി.
രക്താര്‍ബുദം ബാധിച്ച മകനെയെടുത്ത് ഏപ്രില്‍ ഒന്നിന് കണ്ണന് റീജനല്‍ കാന്‍സര്‍ സെന്ററില്‍ നില്ക്കുന്ന വിഡിയോ ചില വാര്‍ത്ത ചാനലുകളിലും പത്രമാധ്യമങ്ങളിലും വന്നിരുന്നു.
സഹതാപതരംഗം ഉണ്ടാകുമെന്ന ഭയത്താല്‍ ചില കുത്സിതബുദ്ധികള്‍ ആരോപണങ്ങള്‍ പടച്ചുവിടുകയായിരുന്നുവെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പഴകുളം ശിവദാസന്‍ പറഞ്ഞു.
പ്രചാരണത്തിന് കണ്ണന് ഇല്ലാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അദ്ദേഹം മകനുമായി ആര്.സി.സിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കിട്ടിയത്.
തെരഞ്ഞെടുപ്പുകാലത്തെ നല്ലൊരു മാനുഷികമൂല്യ വാര്‍ത്തക്ക് അവസരം കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ ആര്.സി.സിയില്‍ എത്തി കണ്ണന്റെ ദയനീയ ചിത്രം വാര്‍ത്തയാക്കുകയായിരുന്നു.
ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുയര്‍ന്നത്. ഞായറാഴ്ച രാവിലെ മുതല്‍ കണ്ണനെതിരായ ലഘുലേഖ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുതോറും വിതരണം ചെയ്തു. കോണ്‍ഗ്രസ് ഇലന്തൂര്‍ ബ്ലോക്ക് സെക്രട്ടറി മാത്തൂര്‍ സ്നേഹതീരം വീട്ടില്‍ മാത്യു ഫിലിപ്പിന്റെ പേരിലാണ് ലഘുലേഖ തയാറാക്കിയത്.
https://www.facebook.com/Malayalivartha