ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്; പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

പൊതുജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം നിലനിർത്തുന്നതും കോൺഗ്രസിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതുമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കെപിസിസിയുടെ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
ആ തീരുമാനം എഐസിസിയും അംഗീകരിച്ചിട്ടുണ്ട്. ഇതുപോലെയുള്ള സമാനസംവങ്ങളിൾ ആരും എടുത്തിട്ടില്ലാത്തത്ര ധീരമായ നടപടിയാണ് കോൺഗ്രസ് പാർട്ടി സ്വീകരിച്ചത്. ആരോപണം ഉയർന്നയുടൻ തന്നെ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും ചെയ്തു. പല പാർട്ടികളും തീരുമാനമേ എടുക്കാറില്ല. സംരക്ഷിക്കുകയാണ് പതിവ്. സംരക്ഷിച്ചില്ല എന്ന് മാത്രമല്ല, ഏറ്റവും കടുത്ത നടപടിയിലേക്കാണ് കോൺഗ്രസ് നീങ്ങിയതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും കെസി വേണുഗോപാൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലഭിച്ച പരാതി പാർട്ടി നേതാക്കൾ തമ്മിൽ ചർച്ച ചെയ്ത് ഒളിപ്പിച്ചുവയ്ക്കുന്ന രീതിയല്ല കോൺഗ്രസ് പിന്തുടർന്നത്.പരാതി ലഭിച്ചപ്പോൾ തന്നെ കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറി.തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്യേണ്ട കൂടുതൽ ഗൗരവമായ വിഷയങ്ങളുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങൾ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് ഈ വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























