സോളാറിൽ വീണ്ടും നിയമോപദേശത്തിന് സർക്കാർ; സർക്കാർ നടപടി തെറ്റാണെന്നു തെളിഞ്ഞതായി ഉമ്മൻചാണ്ടി

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടി സർക്കാർ. കമ്മിഷന്‍റെ ചില നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്താണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്ന് നിയമോപദേശം തേടാനാണ് തീരുമാനം. എന്നാൽ വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനത്തിലൂടെ സർക്കാരിന്റെ ആദ്യ നടപടി തെറ്റാണെന്ന് തെളിഞ്ഞുവെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.
സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വയ്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം 9ന് ചേരുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.സർക്കാരിന്റെ ഈ തീരുമാനത്തെ യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്.എന്നാൽ വീണ്ടും നിയമോപദേശം തേടുന്നത് കാണിച്ച് സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി യുഡിഎഫ് നേതാക്കൾ രംഗത്ത് വന്നു. വീണ്ടും നിയമോപദേശം തേടുന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.സി.ജോസഫ് പ്രതികരിച്ചു.ഉമ്മൻചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചതിന് പിണറായി മാപ്പുപറയണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha