ഗുജറാത്ത് തെരഞ്ഞെടുപ്പ്: രാഹുലിന് മറുതന്ത്രവുമായി അമിത് ഷാ

ഗുജറാത്ത് തെരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസ്സിനും അഭിമാനപോരാട്ടമാണ്. ഗുജറാത്ത് പിടിച്ചടക്കാൻ വിശാല സഖ്യവുമായി രംഗത്തിറങ്ങിയ കോൺഗ്രസ്സ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ തന്ത്രപരമായി നേരിടാനുറച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പട്ടേല്‍ സമുദായ നേതാവ് ഹാർദിക് പട്ടേലിന്റെ അനുയായികളായ വരുൺ പട്ടേലും രേഷ്മ പട്ടേലും ബിജെപിയിൽ ചേർന്നു. എന്നാൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഹാർദികിനെ തൃപ്തിപ്പെടുത്താൻ ബിജെപിക്കായില്ല.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വഘാനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വരുണും രേഷ്മയും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപിയുടെ ഭാഗമായതിനു ശേഷം ഹാര്‍ദിക് പട്ടേലിനെ ഇരുവരും വിമർശിക്കുകയും ചെയ്തു. ഹാര്‍ദിക് പട്ടേൽ കോൺഗ്രസിന്റെ ഏജന്റായി മാറിയെന്നായിരുന്നു ഇരുവരുടേയും പ്രസ്താവന.
ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഇന്നലെ തീരുമാനമായിരുന്നു. ബുധനാഴ്ച്ച അഹമ്മദാബാദില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനത്തില്‍ അൽപേഷിന്റെ കോൺഗ്രസിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. സംസ്ഥാനത്തെ ഒബിസി, എസ്‌സി-എസ്ടി ഏക മഞ്ചിന്റെ കണ്‍വീനറാണ് താക്കൂര്‍. ജനസംഖ്യയില്‍ 54 ശതമാനം ഒബിസിക്കാരുള്ള ഗുജറാത്തില്‍ അല്‍പേഷിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് ശുഭസൂചനയായാണ് കോണ്‍ഗ്രസ് കാണുന്നത്.
https://www.facebook.com/Malayalivartha