ഗുജറാത്തിൽ മോദിക്ക് നേരെ വളയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയ്ക്കിടെ യുവതിയുടെ പ്രതിഷേധം. മോദിയുടെ മുഖത്തേക്ക് വളകൾ ഊരി എറിഞ്ഞായിരുന്നു യുവതിയുടെ രോഷപ്രകടനം. വഡോദരയില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ നേർക്ക് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് പ്രവര്‍ത്തകയായ ചന്ദ്രിക സോളംഗിയാണ് വളകള്‍ വലിച്ചെറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു .
യുവതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മോദി തുറന്ന വാഹനത്തിലെ റോഡ് ഷോയില്‍ നിന്ന് പിന്തിരിഞ്ഞ് കാറിനുള്ളിലേക്ക് പെട്ടെന്നുതന്നെ മടങ്ങി.നരേന്ദ്ര മോദി മൂര്‍ദാബാദ് എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് യുവതി വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തത്. കഴിഞ്ഞദിവസം ഗുജറാത്തിലെ ബിജെപി എംഎല്‍എയുടെ മുന്നിലും പ്രതിഷേധവുമായി ചന്ദ്രികയടക്കമുള്ള പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രതിഷേധിക്കേണ്ടത് തന്നോടല്ല, മറിച്ച് മോദിയെയാണ് നിങ്ങള്‍ ചീത്ത വിളിക്കേണ്ടതെന്നായിരുന്നു അന്ന് എം.എല്‍.എ ഇവരോട് പ്രതികരിച്ചത്.
ബിജെപിക്കെതിരെ വലിയ പ്രതിഷേധമാണ് ഗുജറാത്തിൽ ഉയരുന്നത്. ബിജെപിക്ക് ഇനി വോട്ട് ചെയ്യില്ലെന്ന നിലപാടുമായി കർഷകരും പട്ടേല്‍ വിഭാഗക്കാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദിക്കെതിരെ വളയൂരി എരിയുന്ന യുവതിയുടെ വീഡിയോ ഇൻറർനെറ്റിൽ വൈറലാണ്.
https://www.facebook.com/Malayalivartha