സ്വർണ്ണമിശ്രിതം അടങ്ങിയ ക്യാപ്സൂളുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി
പ്രവാസികളെ കരുവാക്കി ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് സ്വർണം കടത്താനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കടത്ത് സംഘങ്ങൾ. കേരളത്തിലെ എല്ലാ വിമാനത്താവളത്തിലൂടെയും ഇത്തരത്തിൽ പ്രവാസികളെ ഉപയോഗിച്ച് കടത്താൻ ശ്രമിക്കുന്ന സ്വർണം മിക്കപ്പോഴും പിടികൂടാറുണ്ട്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും, പരിശോധനയിലും എല്ലാം തന്നെ കടത്ത് സ്വർണം പിടികൂടുക പതിവ് സംഭവമാണ്.
കഴിഞ്ഞ ദിവസങ്ങളിലായി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വര്‍ണം ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ആണ് കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് ആദ്യത്തെ സംഭവം. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പിന്നാലെ തിങ്കളാഴ്ച രാവിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാനിൽ (35) നിന്നും 1159 ഗ്രാം സ്വർണവും പിടികൂടി. ജിദ്ദയിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിലെത്തിയതാണ് ഇയാൾ. കള്ളക്കടത്തുസംഘം സഫ്‌വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് കസ്റ്റംസ് ഇദ്യോഗസ്ഥർ അറിയിച്ചു.
സ്പെെസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി അലിയിൽ നിന്നും എൺപതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വർണം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇയാളിൽ നിന്നും നാല് ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തു.
അതേസമയം കഴിഞ്ഞയാഴ്ച്ച സൗദിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ഒന്നേകാൽ കോടി രൂപയുടെ സ്വർണം ആണ് കസ്റ്റംസ് പിടികൂടിയത്. ബുധനാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദിൽ (24) നിന്ന് 1095 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളാണ് പിടികൂടിയത്.
സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദിൽ (25) നിന്ന് 1165 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണർ ജെ. ആനന്ദകുമാറിന്റെ നിർദേശ പ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ് റജീബ്, ഇൻസ്‌പെക്ടർമാരായ ഹരിസിങ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
https://www.facebook.com/Malayalivartha