വീണ്ടും സർവീസുകൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ് എയർലൈൻസ്, ജൂൺ 9 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കി, യാത്രക്കാർക്ക് ഉടൻ തന്നെ ടിക്കറ്റ് തുക മുഴുവൻ റീഫണ്ട് ചെയ്യുമെന്ന് കമ്പനി

ഗോ ഫസ്റ്റ് എയർലൈൻസ് വീണ്ടും സർവീസുകൾ റദ്ദ് ചെയ്തു. ജൂൺ 9 വരെയുള്ള സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 9 വരെ വീണ്ടും ദീർഘിപ്പിച്ചത്.വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്.
കൂടാതെ, തടസം നേരിട്ട യാത്രക്കാർക്ക് ഉടൻ തന്നെ മുഴുവൻ തുകയും റീഫണ്ട് നൽകുന്നതാണ്. നിലവിൽ, ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു. താമസിയാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവെച്ചു.
വിമാന എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് നിലവില്‍ പാപ്പരത്ത നടപടികളിലാണ്. കഴിഞ്ഞയാഴ്ച ഡിജിസിഎയെ 30 ദിവസത്തിനകം പുനരുജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ അമേരിക്കൻ എൻജിൻ നിർമ്മാണ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha