ദുബായില്‍ 530ഗ്രാം ഭാരം മാത്രമുള്ള കുഞ്ഞിനെ ഡോക്ടറുമാര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു

ഒരു ഐപാഡിനെക്കാള്‍ ഭാരം കുറവായി ജനിച്ച തങ്ങളുടെ മകനെ രക്ഷിച്ച ഇന്ത്യന്‍ ഡോക്ടറും ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീമിന് നന്ദി പറയുകയാണ് സൂസിയും സാക്രാമെന്റോയും. സാക്രാമെന്റോയുടെ ഭാര്യ സൂസി കഴിഞ്ഞ ഒക്ടോബറിലാണ് മാസം തികയാതെ ദുബായിലെ ആശുപത്രിയില്‍ വച്ച് മകന്‍ നിക്കോളാസിന് ജന്മം നല്‍കിയത്. ജനിക്കുമ്പോള്‍ നിക്കോളാസിന് 530ഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളു. ഐപാഡിനെക്കാള്‍ ഭാരം കുറവ്. സാധാരണ ഐപാഡുകള്‍ക്ക് 600ഗ്രാം ഭാരമാണുള്ളത്. നാലു മാസം ആശുപത്രിയിലെ നീയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍(എന്‍.ഐ.സി.യു) കിടന്ന നിക്കോളാസ് ഇപ്പോള്‍ വീട്ടില്‍ ആരോഗ്യവാനായി എത്തിയിരിക്കുകയാണ്.
തങ്ങളുടെ മകനെ രക്ഷപ്പെടുത്തിയ മെഡിക്കല്‍ സംഘത്തിന് വൈകാരികമായാണ് സൂസിയും സാക്രാമെന്റോയും നന്ദി അറിയിച്ചത്. മെഡിക്കല്‍ സംഘം തങ്ങളുടെ മകനെ രക്ഷിക്കാനായി അത്ഭുതം പ്രവര്‍ത്തിച്ചുവെന്നാണ് അവര്‍ പറയുന്നത്.
നിങ്ങള്‍ക്ക് മഹത്തായ ഒരു സംഘമുണ്ട്,നിങ്ങള്‍ക്കു വിശ്വസിക്കുകയും കുടുംബം പോലെ കാണാന്‍ കഴിയുന്നതുമായ ഒന്ന്. എന്‍.ഐ.സി.യുവില്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ആ സംഘത്തെ മറ്റുള്ളവര്‍ കണ്ടിരിക്കില്ല. എന്നാല്‍ എല്ലാ ദിവസവും ഞങ്ങള്‍ അത് കണ്ടു. സ്വന്തം ജോലിയോടുള്ള ആത്മാര്‍ത്ഥതയും കടമയും ഉള്ളവര്‍, അതിനുമപ്പുറം ഹൃദയമുള്ളവര്‍, അവര്‍ ഞങ്ങളുടെ വേദന പങ്കുവച്ചു, സന്തോഷം പങ്കുവച്ചു, അവരുടെ സ്‌നേഹവും പങ്കുവച്ചു എന്ന് ദമ്പതികള്‍ ആശുപത്രി ചെയര്‍പേഴ്‌സണ്‍ ഡോ. സുലേഖ ദാവൂദിന് എഴുതിയ കത്തില്‍ പറയുന്നു.
900 ഗ്രാമില്‍ കുറവു ഭാരമേ നിക്കോളാസിന് ഉള്ളായിരുന്നതിനാല്‍ കുഞ്ഞിനെ മൈക്രോ പ്രീമീസ് എന്ന പുതിയ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതായി ഡോക്ടര്‍ മോനിക്കാ കൗശല്‍ പറഞ്ഞു. 23 ആഴ്ച മുമ്പ് ജനിക്കുന്ന, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. നിക്കോളാസിന്റെ തലച്ചോറിനും ശ്വാസകോശങ്ങള്‍ക്കും കണ്ണുകള്‍ക്കും പ്രശ്‌നമൊന്നുമുണ്ടാകാത്തത് മൂലമാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു. 110 ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ നിക്കോളാസിന് 1.9 കിലോഭാരമുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha