വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി
![](https://www.malayalivartha.com/assets/coverphotos/w657/323361_1733984265.jpg)
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബക്രു ജസ്റ്റിസ് തുഷാർ റാവു ഗെഡേല അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. 1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം നിലവിലുള്ള എമിഗ്രേഷൻ വ്യവസ്ഥകളിൽ വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ പ്രത്യേകമായി സംരക്ഷിക്കുന്ന യാതൊരു വ്യവസ്ഥകളും അടങ്ങിയിട്ടില്ലെന്ന് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഈ നിയമം തൊഴിൽ കേന്ദ്രീകൃതമാണ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതിൻ്റെ സംരക്ഷണം നിലവിൽ നൽകുന്നില്ല എന്നും ഹർജിയിൽ പറയുന്നു.
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷയുടെ അഭാവത്തിൽ ഇന്ത്യയിലും വിദേശത്തുമായുള്ള ഏജൻസികളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പലപ്പോഴും കടുത്ത ചൂഷണത്തിന് വിധേയരാകുന്നുവെന്നും അതിനാൽ ഉചിതമായ നിയമനിർമ്മാണം ആവശ്യമാണ് എന്നും ഹർജിയിൽ പറയുന്നു. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജൈസൺ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
നിരവധിയായി ഇന്ത്യൻവിദ്യാർത്ഥികൾ പഠനാവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതി നടപടി പ്രവാസികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശയിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഈയിടെ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും രൂപം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha