സൗദിയിൽ ദുരന്ത പെയ്ത്ത്, ഗതാഗതം താറുമാറായി, ഒഴുകി എത്തിയ വാഹനങ്ങൾ കുമിഞ്ഞുകൂടി, കനത്ത മഴയിൽ ജിദ്ദയിൽ കനത്ത നാശനഷ്ടം, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതർ

സൗദിയിൽ കഴിഞ്ഞ ദിവസം കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമായതിനെ തുടർന്ന് കനത്ത മഴയാണ് അനുഭവപ്പെട്ടത്. നിർത്താതെ തകർത്ത് പെയ്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജിദ്ദയിലുണ്ടായത്. റോഡുകളിൽ വെള്ളമുയർന്നതോടെ പല വാഹനങ്ങളും പണിമുടക്കി. ഒഴുകിയെത്തിയ വെള്ളത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. പലഭാഗങ്ങളിൽ നിന്നായി ഒഴികിയെത്തിയ വാഹനങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ്.
ഉച്ചക്ക് മഴയ്ക്ക് ശമനം ലഭിച്ചു തുടങ്ങിയെങ്കിലും വെള്ളക്കെട്ട് മൂലം പലസ്ഥലങ്ങളിലായി മലയാളികളുൾപ്പെടെ നിരവധി പേർ കുടുങ്ങിയിരുന്നു. മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. രണ്ടുപേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ജിദ്ദയിൽ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇവർ സ്വദേശികളാണോ വിദേശികളാണോ എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല.
വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. ദുരിത ബാധിതര് നാശനഷ്ടങ്ങള്‍ കണക്കാക്കാനും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുന്നതിനുമായി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. 2009ല്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള പരിഹാരം നല്‍കുമെന്ന് ജിദ്ദ നഗരസക്ഷ വക്താവ് മുഹമ്മദ് ഉബൈദ് അല്‍ബുക്മി അറിയിച്ചു.
റോഡുകളിലുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യലും ശുചീകരണ പ്രവര്‍ത്തനങ്ങളും മരങ്ങള്‍ നീക്കം ചെയ്യലും മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ തുടരുകയാണ്.2009- ലെ മഴയെ തുടർന്നുണ്ടായ പ്രളയത്തിന് ശേഷം ജിദ്ദയിലെ വിവിധ മലയോര പ്രദേശങ്ങളിൽ കെട്ടിയുണ്ടാക്കിയ തടയണയാണ് ഇത്തവണ വൻ ദുരന്തത്തിൽ നിന്ന് ജിദ്ദയെ രക്ഷിച്ചത്. ഈ തടയണകൾ ജിദ്ദ നഗരത്തിലേക്കുള്ള വെളളത്തിന്റെ കുത്തൊഴുക്കിനെ ഒരുപരിധിവരെ തടഞ്ഞു നിർത്തി.
വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ പലതും കൂട്ടിയിടച്ചു. മലയാളികളുടേതുൾപ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.മക്ക മേഖലയില്‍ ജിദ്ദയടക്കമുള്ള പട്ടണങ്ങളില്‍ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു.
https://www.facebook.com/Malayalivartha