കുവൈറ്റ് പ്രവാസികളെ വെട്ടിലാക്കിയ നീക്കം, റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ നിർദ്ദേശം, അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും
സ്വദേശിവത്ക്കരണത്തിലൂടെ പ്രവാസികളുടെ എണ്ണം കുറയ്ക്കുമ്പോഴും മറ്റ് നടപടികളും കുവൈത്ത് ഭരണകൂടം ഇതിനായി കൈക്കൊള്ളുന്നുണ്ട്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തില്‍ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകിയതായുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റെസിഡൻസി പെർമിറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ഭൂരിപക്ഷം കമ്പനികളും അവരുടെ തൊഴിലാളികൾക്ക് ഒരു വർഷത്തേക്കുള്ള റെസിഡൻസി പെർമിറ്റുകളാണ് എടുക്കുന്നത്. തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ മാറ്റാനും ഒരുമിച്ച് മെഡിക്കൽ ഇൻഷുറൻസ് അടക്കുന്നതിൽ നിന്ന് ഒഴിവാകാനും ഇത്തരത്തിൽ ഒരുവർഷ പെർമിറ്റാണ് കൂടുതൽ സൗകര്യമെന്ന് തൊഴിൽ ഉടമകൾ അഭിപ്രായപ്പെട്ടു.
അതേസമയം മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പ്രഫഷണൽ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്ന 2400 പ്രവാസികളുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇവര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പ്രവാസി അധ്യാപകരെ മാറ്റി സ്വദേശികളെ നിയമിക്കുന്ന സ്വദേശിവത്കരണ നടപടികളിലൂടെ ജോലിയില്‍ നിന്ന് പുറത്താവുന്നവരാണ് ഇവരില്‍ 1900 പേര്‍. 500 അധ്യാപകര്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ച് കഴിഞ്ഞവരാണെന്നും ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമമായ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
വിദ്യാഭ്യാസ മന്ത്രാലയം മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. അധ്യാപക ജോലിയിലെ സ്വദേശിവത്കരണം ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളും ഇതോടെ അടിസ്ഥാന രഹിതമെന്ന് തെളിയുകയും ചെയ്തു.
https://www.facebook.com/Malayalivartha