50,000 ദിർഹം വരെ പിഴ, യുഎഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം ലംഘിച്ച് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാൽ കനത്ത പിഴ, സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും

യുഎഇയിൽ ഈ മാസം 21 മുതൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കാനിരിക്കെ അതിന്റെ ദിവസങ്ങൾക്ക് മുൻപ് തന്നെ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. കൊടും ചൂടിൽ നിന്ന് പുറം ജോലി ചെയ്യുന്ന പ്രവാസികളെ സംരക്ഷിക്കുന്നന് കഴിഞ്ഞ 19 വർഷമായി രാജ്യം നിർബന്ധ ഉച്ചവിശ്രമ നിയമം പിന്തുടരുന്നുണ്ട്.രാജ്യത്ത് ഉച്ചസമയത്ത് തുറസായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ ഉച്ചവിശ്രമ നിയമ നിയമപ്രകാരം പാടില്ല.
അങ്ങനെ നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തുമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആളൊന്നിന് 5000 ദിർഹം വീതം പരമാവധി അര ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. അതുപോലെ സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും. സെപ്റ്റംബർ 15 വരെ 3 മാസത്തേക്കാണ് നിർബന്ധ ഉച്ചവിശ്രമ നിയമം.
അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക.വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. ഉച്ചക്ക് പന്ത്രണ്ടര മുതൽ വൈകുന്നേരം മൂന്ന് വരെ തുറസായ സ്ഥലത്ത് വെയിലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ അനുമിയില്ലാത്തത്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്ന കമ്പനികളെക്കുറിച്ച് 600 590000 നമ്പറിൽ 20 ഭാഷകളിൽ പരാതിപ്പെടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് ഈ ആഴ്ച്ച താപനില 50 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇതിനോടൊപ്പം പൊടിക്കാറ്റും ശക്തമാകും.
മണിക്കൂറിൽ 25 കി.മീ വേഗത്തിൽ പൊടി/മണൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിനാൽ ഗതാഗതം ദുഷ്ക്കരമാകും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു. പരസ്പരം കാണാത്ത വിധം ദൃശ്യപരിധി കുറഞ്ഞാൽ വാഹനം റോഡിൽനിന്നും അൽപം മാറ്റി നിർത്തിയിടണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് ഓർമപ്പെടുത്തി.
വർഷത്തിൽ മേയ് മുതൽ ക്രമേണ കൂടിത്തുടങ്ങുന്ന ചൂട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പാരമ്യത്തിൽ എത്തുക. ഈ മാസത്തെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാകുമെങ്കിലും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി വരെ ഉയരും. കടുത്ത ചൂട് ഏൽക്കുന്ന ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി.
https://www.facebook.com/Malayalivartha