ഒമാനിലേക്ക് അടുത്ത തിങ്കളാഴ്ച്ചയോടെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് എത്തും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി സുരക്ഷാ വിഭാഗങ്ങളുടെ സന്നിധ്യത്തിൽ അടിയന്തര യോഗം ചേര്‍ന്നു

ഗൾഫിലും ആശങ്ക വിതച്ച് ബിപോര്‍ജോയ്'ചുഴലിക്കാറ്റ്. ഒമാനിലേക്ക് അടുത്ത തിങ്കളാഴ്ച്ചയോടെ ചുഴലിക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ബിപോര്‍ജോയ് എത്താൻ സാധ്യത കുറവാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച വൈകുന്നേരമോ വെള്ളിയാഴ്ച രാവിലെയോ മുന്നറിയിപ്പ് സര്‍ക്കുലര്‍ ഇറക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ ഖദൂരി പറഞ്ഞു. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് സൂചന.
ചുഴിലക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി സുരക്ഷാ വിഭാഗങ്ങളുടെ സന്നിധ്യത്തിൽ നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് സിംസ്റ്റം അടിയന്തര യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.
എന്നാല്‍, ചുഴലിക്കാറ്റ് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാതെ സുല്‍ത്താനേറ്റിന്റെ തീരങ്ങളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ബുധനാഴ്ച രാവിലെ വരെ ചുഴലിക്കാറ്റിന്റെ ദിശയില്‍ ചാഞ്ചാട്ടമാണ് കാണിക്കുന്നത്. ചുഴലിക്കാറ്റ് അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് നീങ്ങുന്നത് തുടരുകയാണ്. ഇതിന്റെ കേന്ദ്രം സുല്‍ത്താനേറ്റിന്റെ തീരത്ത് നിന്ന് 1,133 കിലോമീറ്റര്‍ അകലെയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒമാന്‍ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റിന്റെ പാതയെങ്കില്‍ ഞായറാഴ്ച വൈകുന്നേരമോ തിങ്കളാഴ്ച രാവിലെ മുതലോ ഒമാന്റെ തീരങ്ങളില്‍ നേരിട്ടുള്ള ആഘാതം ഉണ്ടാകുമെന്നും അബ്ദുല്ല അല്‍ ഖദൂരി ഒമാനി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അറബിക്കടലിൽ ഈ വർഷം ആദ്യം രൂപപ്പെട്ട ചുഴലിക്കാറ്റിന് ‘ബിപോർജോയ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ദുരന്തം എന്നാണ് ഈ വാക്കിനർത്ഥം. ബംഗ്ലാദേശുകാരാണ് ഈ പേര് നൽകിയിരിക്കുന്നത്.ഉത്തരേന്ത്യൻ മഹാസമുദ്രത്തിൽ മൂന്നാഴ്ചയ്ക്കിടെ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.ഇതിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അങ്ങനെ നോക്കുകയാണെങ്കിൽ നാളെയോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. ഞായറാഴ്ചവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 2023 ജൂൺ 10 മുതൽ 11വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha