കപ്പൽ എത്തുന്നു.!!! ഫെസ്റ്റിവൽ സീസണുകളിൽ വൻതുക വിമാന ടിക്കറ്റിന് നൽകാതെ പ്രവാസികൾക്ക് നാട്ടിലേക്ക് എത്താം, കപ്പൽ സർവീസിന് ടെൻഡർ വിളിക്കാൻ തീരുമാനം
വൻതുക വിമാന ടിക്കറ്റിന് നൽകാതെ ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷങ്ങളിൽ പ്രവാസികൾക്ക് നാട്ടിലെത്തി കുടുംബത്തോടൊപ്പം പങ്കെടുക്കാം. പ്രവാസികളുടെ കപ്പൽ സർവീസെന്ന ഏറെ നാളായുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള നീക്കം പുരോഗമിക്കുന്നു. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനമായതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചു.
ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തി. യാത്രയ്ക്കായി കപ്പല്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് മാസങ്ങളായി ഇരട്ടിയിലേറെ നിലനിൽക്കുന്ന സാഹചര്യത്തിൽ കുടുംബത്തെ കാണാതെ വർഷങ്ങളായി ഗൾഫിൽ കഴിയുന്ന മലയാളികളടക്കമുള്ള പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും ഇങ്ങനെ സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക.
അതേസമയം, മാസങ്ങൾക്ക് മുൻപേ ഷാർജ ഇന്ത്യൻ അസോസിയേഷൻ കപ്പൽ സർവീസിനായി പ്രയത്നിച്ചുവരികയായിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടെ ഇക്കാര്യത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നതിൽ എല്ലാവരും സന്തോഷത്തിലാണ്.ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. സര്‍വീസിലെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, എന്നിവ ആസ്വദിച്ച് മൂന്നു ദിവസം കൊണ്ട് പ്രവാസികൾക്ക് നാട്ടിലെത്താൻ കപ്പൽ സർവീസ് തുടങ്ങുന്നതോടെ സാധിക്കും. ഒരു ട്രിപ്പിൽ 1250 പേർക്ക് വരെ യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഓരോ സീസണിലും ഭീമമായി ഉയരുന്നത് പ്രവാസി മലയാളികൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്. വിമാന നിരക്ക് താങ്ങാനാകാത്തതിനാൽ നിരവധി പേർ വേനലവധിക്ക് നാട്ടിലേക്ക് പോകാറില്ല.
എന്നാൽ കപ്പൽ സർവീസ് തുടങ്ങുന്നതോടെ ഇതിൽ മാറ്റമുണ്ടാകും. പ്രവാസി സംഘടനകൾ ആവേശത്തിലാണ്. കൊള്ള നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികളിൽ നിന്ന് രക്ഷപ്പെടാൻ, 3 ദിവസം കപ്പലിലിരിക്കാൻ തയാറാവേണ്ടി വരുന്ന പ്രവാസിയുടെ അവസ്ഥ, നിരക്ക് കുത്തനെ കയറുന്ന തിരക്കുള്ള സീസൺ കഴിഞ്ഞാൽ ഓഫ് സീസണിൽ എത്ര പേർ കപ്പൽയാത്രയ്ക്ക് തയാറാകും എന്ന ചോദ്യവും ബാക്കിയാണ്.
https://www.facebook.com/Malayalivartha