പനച്ചിക്കാട്ടില്‍ ഉണ്ട് ഒരു ആമ്പല്‍ക്കാട്!

കോട്ടയത്തു നിന്ന് ചങ്ങനാശ്ശേരി റൂട്ടില്‍ നാട്ടകം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ പനച്ചിക്കാട്ടേയ്ക്ക് പോകുന്ന വഴിയായി. വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രമാണ് പനച്ചിക്കാട്. പനച്ചിക്കാട് ക്ഷേത്രമിരിക്കുന്ന മലയുടെ താഴ്‌വാരത്ത് വിശാലമായ ഒരു പാടമുണ്ട്. അഞ്ഞുറേക്കറോളം പരന്നു കിടക്കുന്ന പാടം. അതില്‍ ഒരു പാടശേഖരമാണ് അമ്പാട്ട്കടവ്. ഇരുവശവും മരങ്ങള്‍ തിങ്ങിനിറഞ്ഞ വഴിയില്‍ നിന്ന് പെട്ടന്ന് വിശാലമായൊരു ആകാശവും നിറയെ പരന്നു കിടക്കുന്ന പാടശേഖരവും. അതില്‍ വിടരാന്‍ മത്സരിച്ച് ആമ്പല്‍പ്പൂക്കള്‍. കടുംപിങ്ക് നിറത്തില്‍ തുടുത്ത ഇതളുകള്‍. നൂറല്ല ആയിരമല്ല, ലക്ഷക്കണക്കിന് ആമ്പല്‍പ്പൂക്കള്‍.
നിറയെ വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍പാടത്തേയ്ക്ക് നോക്കിയാല്‍ യൂറോപ്പിലെ ട്യൂലിപ്പ് പൂക്കള്‍ ഓര്‍മവരും. ദൂരെക്കാഴ്ചയില്‍ ട്യൂലിപ്പ് പൂക്കളുമായി നിറത്തിലും വലുപ്പത്തിലുമൊക്കെ സമാനതകള്‍ ഏറെയുണ്ട് ഈ ആമ്പല്‍പ്പൊയ്കയ്ക്ക്. കണ്ണെത്താ ദൂരത്തോളം പടര്‍ന്നുകിടക്കുന്ന ആമ്പല്‍പ്പൂപ്പാടം നോക്കി ഇതിന്റെ അറ്റം എവിടെയെന്ന് ചോദിച്ചാല്‍ ദാ അങ്ങ് അകലെ പാറയ്ക്കല്‍ കടവിനും അപ്പുറം നീണ്ടുകിടക്കുന്നു എന്ന് നാട്ടുകാര്‍ പറയും. എത്ര ചൂണ്ടിയാലും കണ്ണെത്താത്ത ദൂരമാണ് ആ പിങ്ക് നിറത്തിന്. പാടശേഖരത്തിന് നടുവിലൂടെ പോകുന്ന നാട്ടുപാതയില്‍ നിന്ന് ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ കുറച്ചുദൂരം ആമ്പല്‍പ്പൂക്കള്‍ കാണാന്‍ കഴിയും. പിന്നെയൊക്കെ ഒരു പിങ്ക് നിറം മാത്രമാണ്.
ഈ അഞ്ഞുറേക്കറിലും നിറയെ ആമ്പല്‍പ്പൂക്കളാണോന്നു ചോദിച്ചാല്‍ ആമ്പാട്ടുകടവിലെ ആമ്പലുകള്‍ക്കാണ് വലുപ്പവും നിറവും എണ്ണവുമൊക്കെ കൂടുതലെന്ന് മാത്രം പറയും ഇവര്‍. ഇവിടെ ആമ്പലുകള്‍ കൃഷി ചെയ്യുന്നതല്ല, എല്ലാ വര്‍ഷവും കൊയ്ത്ത് കഴിയുന്നതോടെ പാടശേഖരത്തില്‍ നിറയെ ആമ്പലുകള്‍ വളരും. വളര്‍ന്ന് വളര്‍ന്ന് അതിങ്ങനെ ഒരു ആമ്പല്‍പ്പൂപ്പാടമായി മാറും. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് ഇത്രയധികം പൂക്കളുണ്ടാവുക. വീണ്ടും അടുത്ത കൃഷിക്ക് സമയമാകുമ്പോള്‍ പാടം ഉഴുന്നതോടെ വേരും കിഴങ്ങും ഇലയും ഉള്‍പ്പെടെ എല്ലാം പാടത്തില്‍ ചേരുന്നു.
എന്നാല്‍ ഈ ആമ്പലുകള്‍ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കുന്നില്ല. ഒന്‍പത് മണിയായതോടെ ആമ്പാട്ടുകടവിലെ പാടങ്ങളില്‍ സൂര്യപ്രകാശമെത്തും. ഇനി അധികസമയം ഈ ആമ്പല്‍പ്പൂക്കള്‍ ഇത്ര മനോഹരമായി വിരിഞ്ഞു നില്‍ക്കില്ല. കാഴ്ചക്കാരെയൊക്കെ മോഹിപ്പിച്ച, കൊതിപ്പിച്ച പൂക്കളുടെ ചെറിയ ജീവിതം പാടത്തിലെ ചേറോട് ചേരും. അടുത്തദിവസം പുത്തന്‍ മൊട്ടുകള്‍ വിരിഞ്ഞ് വീണ്ടും ഈ പാടം ഇതിലും മനോഹരമാകും. ആ കാഴ്ചകള്‍ കാണാന്‍ വീണ്ടും പുതിയ ആളുകള്‍ എത്തും.
https://www.facebook.com/Malayalivartha


























