ഒറ്റക്കാലില്‍ കൊടുമുടി കീഴടക്കാനൊരുങ്ങുന്ന നീരജ്

19,341 അടി ഉയരമുള്ള കൊടുമുടി കീഴടക്കാനൊരുങ്ങുന്ന മലയാളി യുവാവിന് ഒരു പ്രത്യേകത ഉണ്ട്. ഒറ്റക്കാല്‍ മാത്രമാണ് ഈ യുവാവിന് ഉള്ളത്. എട്ടാം വയസില്‍ അര്‍ബുദം ബാധിച്ച് ഇടതു കാല്‍മുട്ടിനു മുകളില്‍വച്ചു മുറിച്ചുമാറ്റേണ്ടിവന്ന ആലുവ സ്വദേശി നീരജ് ജോര്‍ജ് ബേബിയാണ് (32) ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാന്‍ ഒരുങ്ങുന്നത്.
ഒമ്പതിനാരംഭിക്കുന്ന യാത്ര, ക്രച്ചസിന്റെ മാത്രം സഹായത്തോടെ ഏഴു ദിവസംകൊണ്ടു പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു നീരജ് പറയുന്നു. ആദ്യയാത്ര വിജയകരമായാല്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് ചുരുങ്ങിയ സമയത്തില്‍ കിളിമഞ്ചാരോ കയറുകയാണ് ലക്ഷ്യം.
2015-ല്‍ പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു നീരജ്. 2012-ല്‍ ഫ്രഞ്ച് ഓപ്പണ്‍ പാരാ ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. ആലുവ യുസി കോളജില്‍നിന്നു ബിരുദവും സ്‌കോട്ലന്‍ഡില്‍നിന്ന് എംഎസ് സി ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയ നീരജ്, ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റാണ്. സ്‌കൂബാ ഡൈവിംഗ്, റോക്ക് ക്ലൈംപിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ് എന്നിവയില്‍ മികവു തെളിയിച്ചിട്ടുണ്ട്.
അര്‍ബുദം മൂലം കാല്‍ മുറിച്ചുമാറ്റിയെങ്കിലും ജീവിതത്തില്‍ തളരാന്‍ താന്‍ തയാറല്ലെന്നു നീരജ് പറയുന്നു. റിട്ടയേര്‍ഡ് പ്രഫസര്‍മാരായ സി.എം. ബേബി, ഡോ. ഷൈലാ പാപ്പു എന്നിവരാണു മാതാപിതാക്കള്‍. ഇവരുടെയും സഹോദരി നിനോ രാജേഷിന്റേയും ഭിന്നശേഷിക്കാരോടു കരുതലുള്ള അനേകരുടെയും പ്രോത്സാഹനം തനിക്കു പ്രചോദനമായിട്ടുണ്ടെന്നും നീരജ് പറഞ്ഞു.
https://www.facebook.com/Malayalivartha