തലസ്ഥാന നഗരത്തില്‍ നായകളുടെ തേര്‍വാഴ്ച്ച; കൗണ്‍സിലര്‍ക്കും രക്ഷയില്ല

വന്ധ്യംകരണം ഉള്‍പ്പെടെ തെരുവുനായ്ക്കളെ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനു കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ എന്നും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ പൊതു ജനത്തിന് എന്നും പട്ടികടി കൊള്ളാനാണ് യോഗം. നായകള്‍ ആളുകളുടെ ജീവന് ഭീഷണിയായി മാറിയിട്ട് കാലമേറെയായെങ്കിലും ഇപ്പോള്‍ നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. നായയെ പേടിച്ച് വീടിന് പുറത്തിറങ്ങി നടക്കാനും ബൈക്ക് ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയിലാണ് നഗരവാസികള്‍. നായകള്‍ കഴിഞ്ഞദിവസം വീഴ്ത്തിയത് സ്വന്തം വാര്‍ഡിലെ കൗണ്‍സിലറെ തന്നെയാണ്.
തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു ബൈക്കില്‍ നിന്നു വീണു കൗണ്‍സിലറുടെ തോളെല്ല് പൊട്ടുകയുണ്ടായി. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജി സുരേഷ്‌കുമാറിന്റെ(ശാസ്തമംഗലം ഗോപന്‍) തോളെല്ലിനാണു പരുക്ക്.
ശനിയാഴ്ച വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. ശാസ്തമംഗലം സ്‌കൂളിനു സമീപം ഗോപന്‍ ഓടിച്ചിരുന്ന ബൈക്കിനു മുന്നിലേക്കു തെരുവുനായ അപ്രതീക്ഷിതമായി ചാടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് നായയെ ഇടിച്ചശേഷം മറിഞ്ഞു. ബൈക്കിന് അടിയില്‍ പെട്ടുപോയ ഗോപന്റെ കൈ റോഡില്‍ ഇടിച്ചാണ് ഒടിഞ്ഞത്. മറ്റൊരു ബൈക്ക് യാത്രക്കാരനാണു ബൈക്കിനടിയില്‍പ്പെട്ടു കിടന്ന ഗോപനെ പിടിച്ച് എഴുന്നേല്‍പ്പിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ ചികിത്സയിലായിരുന്നു തോളെല്ലിനു പരിക്കു പറ്റിയ വിവരം അറിഞ്ഞതെന്നു ഗോപന്‍ പറഞ്ഞു.
വന്ധ്യം കരണം നടത്തിയ നായ്ക്കളെ പിടികൂടുന്ന സ്ഥലത്തു തന്നെ തിരികെ വിടാത്തതാണു പലയിടങ്ങളിലും ഇവ ആക്രമണം നടത്താന്‍ കാരണമെന്നു ശാസ്തമംഗലം ഗോപന്‍ പറഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്നു പിടികൂടി വന്ധ്യം കരണം ശസ്ത്രക്രിയ നടത്തിയശേഷം ഇവയെ കൂട്ടത്തോടെ ശാസ്തമംഗലം വാര്‍ഡ് പരിധിയില്‍ കൊണ്ടു വിടുന്നതായി ഗോപന്‍ ആരോപിച്ചു.
അതേസമയം തെരുവുനായ്ക്കളെ വന്ധ്യം കരിച്ച് അവയുടെ ശല്യം പടിപടിയായി ഇല്ലാതാക്കുന്നതിനു വിവിധ പദ്ധതികള്‍ കോര്‍പറേഷന്‍ ആവിഷ്‌ക്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല. വെറ്റിനറി കോളേജില്‍ നിന്നു വന്ധ്യം കരണ വിദഗ്ദധരെ എത്തിച്ചു നായക്കളെ വന്ധ്യംകരിക്കുകയായിരുന്നു ആദ്യ പദ്ധതി. രണ്ടോ മൂന്നോ ദിവസം ശസ്ത്രക്രിയ നടത്തിയശേഷം അവര്‍ മടങ്ങി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താന്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നടപ്പായില്ല. മുമ്പ് പൂന്തുറയിലെ സ്വകാര്യ സ്‌കൂളില്‍ കയറി എല്‍കെജി വിദ്യാര്‍ത്ഥിയെയും പ്രഭാതസവാരിക്കിറങ്ങിയ റിട്ട. ഉദ്യോഗസ്ഥനെയും തെരുവുനായ കടിച്ചിട്ടും അവയെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha