റാന്നി വലിയപാലം പമ്പാനദിയില്‍ തകര്‍ന്നു വീണിട്ട് 24 വര്‍ഷം!
പമ്പാനദിയ്ക്ക് കുറുകേ നിര്‍മ്മിച്ചിരുന്ന റാന്നി വലിയപാലം ഇരുകരകള്‍ക്കിടയിലെ ജനങ്ങളുടെ സൗഹൃദത്തിനും വ്യാപാര-വാണിജ്യ വളര്‍ച്ചയ്ക്കും വഴിയൊരുക്കി റാന്നിക്കാരുടെ അഭിമാനമായി നില്ക്കയായിരുന്നു. എന്നാല്‍ 1996 ജൂലൈ 29-ന് ഉച്ചകഴിഞ്ഞ് 3.28-ഓടെ ഒരു ബസും ഓട്ടോയും കടന്നു പോയതിനു പിന്നാലെ വലിയ ശബ്ദത്തോടെ പാലം ആറ്റില്‍ പതിച്ചു.
പാലത്തിന്റെ തകര്‍ച്ചയെപ്പറ്റി അന്വേഷണം നടത്തുമെന്ന് അന്നു പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം ഇതുവരെ ഉണ്ടായില്ല.
സൈന്യം 5 ദിവസംകൊണ്ട് ബെയ്ലി പാലം നിര്‍മിച്ചും ബോട്ടും ജങ്കാറും വള്ളവും ക്രമീകരിച്ചും ജനങ്ങളെ അക്കരെയിക്കരെ കടത്തി. അതിനിടെ കടത്തു വള്ളം മറിഞ്ഞ് ഒരു യുവാവ് മരിച്ചത് ഇന്നും വേദനിപ്പിക്കുന്ന ഓര്മ.
നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചതാണ് പുതിയ പാലം. പ്രീസ്ട്രെസ്ഡ് കോണ്‍ക്രീറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കരയില്‍ വച്ചാണ് ഗര്‍ഡറുകള്‍ കോണ്‍ക്രീറ്റ് ചെയ്തത്. പിന്നീട് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ച് പാലത്തില്‍ സ്ഥാപിക്കുകയായിരുന്നു. 30.8 മീറ്റര്‍ നീളവും 98 ടണ്‍ ഭാരവുമാണ് ഓരോ ഗര്‍ഡറിനും ഉള്ളത്. ആറ്റില്‍ 3 തൂണുകളും ഇരുകരകളിലും ഓരോ അബട്ട്മെന്റുകളുമാണ് പുതിയ പാലത്തിന്. നീളം 128.8 മീറ്റര്‍.
വീതി നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍. ഗര്‍ഡറുകള്‍ക്ക് ഇടയില്‍ 1,200 സ്ലാബുകള്‍ നിരത്തിയാണ് ഉപരിതലം കോണ്‍ക്രീറ്റ് ചെയ്തത്. 23 ഇഞ്ചാണ് കോണ്‍ക്രീറ്റിന്റെ കനം. റാന്നി അതുവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി 1999 ജനുവരി 9-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ആണ് പാലം ഗതാഗതത്തിനു തുറന്നു കൊടുത്തത്.
https://www.facebook.com/Malayalivartha