ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് മകളെ തുരുതുരെ കുത്തി| ഇഴഞ്ഞ് ചെന്ന് തടയാൻ ശ്രമിച്ച തന്നെയും കുത്തി: തല മുതല്‍ കാലുവരെ കുത്തുകളേറ്റ 33 മുറിവുകൾ:- അബോധാവസ്ഥയിൽ ആയിട്ടും അവൻ വെറുതെ വിട്ടില്ല: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ വിചാരണ നടക്കവേ ജഡ്ജിക്ക് മുമ്പിൽ കരഞ്ഞ് 'അമ്മ'....

നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണത്ത് വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി എന്ന ഇരുപതുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികള്‍ തുടങ്ങി. 2021 ഓഗസ്റ്റ് 30നു നടന്ന ക്രൂരമായ കൊലപാതകത്തില്‍ പേയാട് സ്വദേശി അരുണാണ് ഏക പ്രതി. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. സൂര്യഗായത്രിയുടെ അച്ഛനെയും അമ്മയെയുമാണ് ബുധനാഴ്ച വിസ്തരിച്ചത്. ചലനശേഷി ഇല്ലാത്ത തന്റെ കണ്‍മുന്നിലിട്ട് പ്രതി തന്റെ മകള്‍ സൂര്യഗായത്രിയെ തുരുതുരെ കുത്തി.
തറയില്‍ ഇഴഞ്ഞ് ചെന്ന് അത് തടയാന്‍ ശ്രമിച്ച തന്നെയും പ്രതി കുത്തിയതായി കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ അമ്മ വത്സല കോടതിയില്‍ മൊഴി നല്‍കി. ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവിനോട് കരഞ്ഞു കൊണ്ടാണ് വത്സല മൊഴി നല്‍കിയത്. സംഭവ ദിവസം വീടിന് പുറത്ത് ശബ്ദം കേട്ടാണ് സൂര്യയും അച്ഛനും പുറത്ത് പോയി നോക്കിയത്. ഇതിനിടെ അടുക്കളഭാഗത്ത് കൂടി വീടിനുളളില്‍ കടന്ന പ്രതി തന്റെ വായ് പൊത്തി പിടിച്ചു. കൈയ്യിട്ടടിച്ച് ബഹളം ഉണ്ടാക്കിയപ്പോള്‍ സൂര്യയും അച്ഛനും വീട്ടിനുളളിലേയ്ക്ക് വന്നു, സൂര്യയെ കണ്ട പ്രതി തുരുതുരെ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തി. മകളെ വിവാഹം ചെയ്ത് നല്‍കാത്തതാണ് പ്രതിയ്ക്ക് ഞങ്ങളോട് ദേഷ്യം തോന്നാന്‍ കാരണമെന്ന് വത്സല മൊഴി നല്‍കി.
പ്രതിയുടെ ചവിട്ട് കൊണ്ട് വീണ താന്‍ വീടിന് പുറത്ത് ഇറങ്ങി നിലവിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടി വരുന്നു എന്ന് മനസിലാക്കിയ പ്രതി കത്തി വീടിനുളളില്‍ വലിച്ചെറിഞ്ഞ ശേഷം ഓടിപ്പോയതായി സൂര്യഗായത്രിയുടെ പിതാവ് ശിവദാസന്‍ കോടതിയില്‍ മൊഴി നല്‍കി. ഈ കത്തി തന്റെ ഭാര്യ പോലീസിനെ ഏല്‍പ്പിച്ചതായും ശിവദാസന്‍ പറഞ്ഞു. ശിവദാസന്റെ നിലവിളി കേട്ട് എത്തിയ താനും കൂട്ടാളികളുമാണ് സൂര്യഗായത്രിയെയും വത്സലയെയും ജില്ലാ ആശിപത്രിയിലും പിന്നീട് അവിടെ നിന്ന് മെഡിക്കല്‍ കൊളേജിലേയ്ക്കും കൊണ്ട് പോയതെന്ന് അയല്‍വാസി കുട്ടന്‍ ആചാരിയും മൊഴി നല്‍കി.
അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടര്‍ന്നു. സൂര്യയുടെ തല മുതല്‍ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരില്‍ പലവട്ടം ഇടിച്ചു മുറുവേല്‍പ്പിച്ചു. പിതാവിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ അരുണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്‍റെ ടെറസിനു മുകളില്‍ ഒളിക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ധീന്‍, വിനു മുരളി എന്നിവരാണ് ഹാജരാകുന്നത്.
33ൽ പരം കുത്തുകളേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സൂര്യഗായത്രി 2021 ആഗസ്ററ് 31നാണ് മരിക്കുന്നത്. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അശോകന്‍ മകന്‍ അരുണ്‍ (20) ആണ് കേസിലെ പ്രതി. ജാമ്യപേക്ഷ നിരസിച്ചതിനാല്‍ തിരുവനന്തപുരം ജില്ലാ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് പ്രതി. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കഞ്ചാവിനും മദ്യത്തിന് അടിമയായ അരുൺ സൂര്യഗായത്രിയെ ലഹരിസംഘത്തിന് കൈമാറാൻ ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് അരുൺ ഇങ്ങനെ ചെയ്യാൻ ശ്രമിച്ചത്. ഷൂട്ടിങ് മേഖലയിൽ ഒന്നിച്ച് പ്രവർത്തിച്ച സൂര്യഗായത്രിയും അരുണും നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ അരുൺ കഞ്ചാവിനും മദ്യത്തിനും അടിമയായതോടെ സൂര്യഗായത്രി അരുണിൽ നിന്ന് അകലാൻ ശ്രമിച്ചു.
ഇതോടെ ഭീഷണിയുമായി അരുൺ സൂര്യഗായത്രിയെ പിന്നാലെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെ അരുണിൽ നിന്ന് രക്ഷപ്പെടാനാണ് സൂര്യഗായത്രി കൊല്ലം സ്വദേശിയായ യുവാവുമൊത്ത് നാടുവിട്ടത്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം യുവാവുമായി അകന്ന സൂര്യഗായത്രി നാട്ടിൽ മടങ്ങിയെത്തി. ഇതോടെ അരുൺ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറി ഉഴപ്പാക്കോണത്ത് വാടക വീടെടുത്തത്. സൂര്യഗായത്രിയുടെ മാതാപിതാക്കളെ രഹസ്യമായി നിരീക്ഷിച്ച് അരുൺ വീട് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha