നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചു

ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്ക് വിധേയരാക്കുന്നതില്‍ ബിസിസിഐയ്ക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചതായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രാധേശ്യാം ജുലാനിയ വ്യക്തമാക്കി. ജുലാനിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഡയുടെ പരിധിയിലേക്കു മാറാന്‍ ബിസിസിഐ സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പ്രത്യേകം എഴുതി നല്‍കുകയും ചെയ്തു.
ബിസിസിഐ ഇതുവരെ നാഡയെ എതിര്‍ത്തിരുന്നത് പരിശോധനാ രീതികളില്‍ ന്യൂനതകളുണ്ടെന്നു വ്യക്തമാക്കിയാണ്. മാത്രമല്ല ഇന്ത്യന്‍ കായിക രംഗത്തെ പ്രമുഖരായ വിരാട് കോലി, മഹേന്ദ്രസിങ് ധോണി തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന വിഷയത്തില്‍ 'റിസ്‌ക്' എടുക്കാനാകില്ലെന്നും ബിസിസിഐ നിലപാടെടുത്തു. എന്നാല്‍ രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം നാഡയെ അംഗീകരിക്കുന്നവയാണ്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജന്‍സിയെ (ഇന്റര്‍നാഷനല്‍ ഡോപ് ടെസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ അതിന് അംഗീകാരം നല്‍കിയിരുന്നില്ല.
നേരത്തെ ഉത്തേജക പരിശോധന നടത്താന്‍ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഈ നിര്‍ദേശം. ബിസിസിഐയുടെ ഉത്തേജകവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്നും ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുമായി (നാഡ) കരാറില്‍ ഒപ്പിടണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ തീരുമാനത്തോടെ ക്രിക്കറ്റ് താരങ്ങളും ഇനിമുതല്‍ നാഡയ്ക്കു കീഴില്‍ ഉത്തേജക പരിശോധനയ്ക്കു വിധേയരാകുമെന്ന് ജുലാനിയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു വ്യക്തമാക്കി.
അതേസമയം നാഡയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ 2019 മാര്‍ച്ചില്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത്. ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി ബിസിസിഐ ഭാരവാഹികളും ഭരണസമിതി അംഗങ്ങളും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് സഹകരണം സ്ഥിരമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാല്‍, സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്കു പരിശോധന നടത്താന്‍ അധികാരമില്ലെന്ന് ന്യായം പറഞ്ഞാണ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പിടിച്ചുനിന്നത്. 2017-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കിയില്ലെങ്കില്‍ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്നു രാജ്യാന്തര ഉത്തേജക വിരുദ്ധ സമിതി (വാഡ) വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ക്രിക്കറ്റ് താരങ്ങളെ പരിശോധനാ പരിധിക്കു കീഴിലാക്കാന്‍ കേന്ദ്ര കായികമന്ത്രാലയം നീക്കം നടത്തിയെങ്കിലും ബിസിസിഐ അയഞ്ഞില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ജോഹ്‌റി നാഡ സിഇഒയ്ക്ക് കത്തയയ്ക്കുകയും ചെയ്തു.
ബിസിസിഐ നടത്തുന്ന രാജ്യാന്തര, ആഭ്യന്തര മല്‍സരങ്ങളില്‍ താരങ്ങളെ പരിശോധിക്കാന്‍ നാഡയ്ക്കാവില്ല. ഈ സാഹചര്യത്തില്‍ മല്‍സരമുള്ളപ്പോഴോ ഇല്ലാത്തപ്പോഴോ താരങ്ങളെ പരിശോധിക്കാനുള്ള നാഡയുടെ ശ്രമങ്ങളോടു ബിസിസിഐക്കു സഹകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കത്തിലെ പ്രധാന അവകാശവാദം. താരങ്ങളെ പരിശോധിക്കാന്‍ തങ്ങള്‍ക്കു സ്വന്തം സംവിധാനമുണ്ടെന്നും വാഡയുടെ നിബന്ധനയ്ക്കു വിധേയമായാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തേജക വിരുദ്ധ സമിതിയുടെ ചട്ടങ്ങള്‍ നടപ്പാക്കുന്നതു താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണു ബിസിസിഐയുടെ വാദം. മല്‍സരമില്ലാത്ത വേളയില്‍, പരിശോധന നടത്തുന്നതിനു താരങ്ങള്‍ എവിടെയാണുള്ളതെന്നു വെളിപ്പെടുത്തണമെന്നാണു വ്യവസ്ഥ. ഇത് സ്വകാര്യതാ ലംഘനവും സുരക്ഷാപ്രശ്‌നവും ഉയര്‍ത്തുമെന്നു ബോര്‍ഡംഗങ്ങള്‍ വാദിക്കുന്നു.
https://www.facebook.com/Malayalivartha