ഐ പി എല്‍: ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് 10 വിക്കറ്റ് വിജയം, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 115 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 13-ാം ഓവറില്‍ പത്ത് വിക്കറ്റിന് ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഇഷാന്‍ കിഷാന്‍ ( 37 പന്തില്‍ 68), ക്വിന്റന്‍ ഡി കോക്ക് (46 പന്തില്‍ 37) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് ഏഴ് ഓവര്‍ പിന്നിടും മുന്‍പ് 30 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 114 റണ്‍സെടുത്തത്. മൂന്നു പേര്‍ പൂജ്യത്തിന് പുറത്താകുകയും നാലു പേര്‍ മാത്രം രണ്ടക്കം കാണുകയും ചെയ്ത ചെന്നൈ ഇന്നിങ്‌സില്‍, പൊരുതിനേടിയ അര്‍ധസെഞ്ചുറിയുമായി സാം കറന്‍ ടോപ് സ്‌കോററായി. 47 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 52 റണ്‍സെടുത്ത കറന്‍ അവസാന പന്തില്‍ പുറത്തായി.
മഹേന്ദ്രസിങ് ധോണി (16 പന്തില്‍ 16), ഷാര്‍ദുല്‍ താക്കൂര്‍ (20 പന്തില്‍ 11) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കം കണ്ട മറ്റുള്ളവര്‍. മുംബൈയ്ക്കെതിരെ ചെന്നൈ അവസരം നല്‍കിയ യുവതാരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, എന്‍. ജഗദീശന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി. ഫാഫ് ഡുപ്ലെസി (ഒന്ന്), അമ്പാട്ടി റായുഡു (മൂന്നു പന്തില്‍ രണ്ട്), രവീന്ദ്ര ജഡേജ (ആറു പന്തില്‍ ഏഴ്), ദീപക് ചാഹര്‍ (0), എന്നിവരും ഇന്ന് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.
18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ചെന്നൈയെ 114 റണ്‍സില്‍ ഒതുക്കിയത്. ജസ്പ്രീത് ബുമ്രയും രാഹുല്‍ ചാഹറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കുകയും ചെയ്തു.
30 റണ്‍സിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമാക്കി നാണക്കേടിന്റെ എല്ലാ റെക്കോര്‍ഡുകളും പേരിലാക്കുമെന്ന് കരുതിയ ചെന്നൈയെ ഇംഗ്ലിഷ് താരം സാം കറന്റെ ഒറ്റയാള്‍ പോരാട്ടം രക്ഷപ്പെടുത്തി. ഒരുവേള 50 പോലും കടക്കില്ലെന്ന് കരുതിയ ചെന്നൈ സ്‌കോര്‍ 100 പിന്നിട്ടതിന് സാം കറന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല!
കറന്‍-താഹിര്‍ സഖ്യം ഒന്‍പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 43 റണ്‍സാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളതെല്ലാം ചെന്നൈ താരങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. മൂന്നു തവണയും എതിരാളികള്‍ മുംബൈ ഇന്ത്യന്‍സും. 2013-ല്‍ കൊല്‍ക്കത്തയില്‍ ധോണിയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നും, 2018-ല്‍ മുംബൈയില്‍ ഡ്വെയിന്‍ ബ്രാവോയും ഇമ്രാന്‍ താഹിറും ചേര്‍ന്നും നേടിയ 41 റണ്‍സാണ് പിന്നിലായത്.
നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി ജസ്പ്രീത് ബുമ്രയും നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രാഹുല്‍ ചാഹറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നഥാന്‍ കൂള്‍ട്ടര്‍നൈലിനാണ് ഒരു വിക്കറ്റ്.
https://www.facebook.com/Malayalivartha
























