രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 300 റണ്‍സ്

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മ്മ - അജിങ്ക്യ രഹാനെ സഖ്യം മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചു. സെഞ്ചുറി നേടിയ രോഹിത്തും (161) അര്‍ത്ഥ സെഞ്ചുറി നേടിയ രഹാനെയും (67) മികച്ച ബാറ്റിംഗ് തന്നെ പുറത്തെടുത്തു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 300 റണ്‍സ് നേടിയിട്ടുണ്ട്.
ഗില്‍-രോഹിത്ത് സഖ്യം ബാറ്റിംഗ് ഓപ്പണ്‍ ചെയ്‌ത ഇന്ന് കളി ആരംഭിച്ച് റണ്ണൊന്നും എടുക്കുന്നതിന് മുന്‍പ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ പുറത്തായി. മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ഗില്ലിനെ ഒലി സ്‌റ്റോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. തുടര്‍ന്ന് എത്തിയ പൂജാര ശ്രദ്ധയോടെ ബാറ്റ് ചെയ്‌തു. എന്നാല്‍ സ്‌കോര്‍ 85ല്‍ നില്‍ക്കവെ പൂജാര മടങ്ങി. തുടര്‍ന്ന് എത്തിയ നായകന്‍ കൊഹ്‌ലി മൊയിന്‍ അലിയുടെ പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി. തുടര്‍ന്ന് എത്തിയ ഉപനായകന്‍ രഹാനെയുമൊത്ത് രോഹിത്ത് ശര്‍മ്മ മികച്ച കളി തന്നെ പുറത്തെടുത്തു. 310 പന്തുകള്‍ നേരിട്ട് ഇവര്‍ 162 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ജാക്ക് ലീച്ചിന്റെ പന്തില്‍ മൊയിന്‍ അലിയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്ബോള്‍ 231 പന്തുകളില്‍ 161 റണ്‍സായിരുന്നു രോഹിത്ത് നേടിയത്. 18 ബൗണ്ടറികളും രണ്ട് സിക്‌സറും രോഹിത്ത് നേടി. തുടര്‍ന്ന് മൊയിന്‍ അലിയുടെ പന്തില്‍ രഹാനെയും പുറത്തായി 149 പന്തുകളില്‍ ഒന്‍പത് ബൗണ്ടറികള്‍ സഹിതം 67 റണ്‍സാണ് രഹാനെ നേടിയത്. പിന്നാലെ അശ്വിന്‍ (13) പുറത്തായി. ഋഷഭ് പന്ത് 56 പന്തുകളില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സോടെയും അക്ഷര്‍ പട്ടേല്‍ അഞ്ച് റണ്‍സോടെയും ക്രീസില്‍ തുടരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച്, മൊയീന്‍ അലി എന്നിവര്‍ രണ്ടും ക്യാപ്‌റ്റന്‍ ജോ റൂട്ടും ഒലീ സ്‌റ്റോണും ഓരോന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.
https://www.facebook.com/Malayalivartha






















