കൈയ്യെത്തി പിടിച്ചു... അവസാന പന്തു വരെ ആവേശം നിറഞ്ഞ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് വിജയം; ഈഡനില്‍ കൊല്‍ക്കത്തെയെ തകര്‍ത്ത് രാജസ്ഥാന്‍; വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കി
സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം. അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച വിജയം. പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്തില്‍ വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സര്‍ പറത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോള്‍, രാജസ്ഥാന്‍ തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തില്‍ കൈവിട്ടു പോയ അവരുടെ 'ആറാം വിജയം' കൂടിയാണ്.
സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8. ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ സുദീര്‍ഘമായ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ 121/6 എന്ന നിലയില്‍ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയ റോവ്മാന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി.
ഈ വിജയത്തോടെ ഏഴു മത്സരങ്ങളില്‍നിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍. 224 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്‌സ്വാളും ഇംപ്ാക്റ്റ് പ്ലയറായി ഇറങ്ങിയ ജോസ് ബട്‌ലറും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ നില്‍ക്കെ വൈഭവ് അറോറയുടെ എറിഞ്ഞ പന്ത് വെങ്കിടേഷ് അയ്യര്‍ പിടിച്ച് ജെയ്‌സ്വാള്‍( 9 പന്തില്‍ 19) പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. നാലാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്ത് നരെയ്‌ന്റെ കൈകളില്‍ എത്തിച്ച് ക്യാപ്റ്റനും( 8 പന്തില്‍ 12) തിരികെക്കയറി.
പിന്നാലെ എത്തിയ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് ഏഴാം ഓവറില്‍ സ്‌കോര്‍ 90 കടത്തി.
ഇരുവരും ചേര്‍ന്ന് കൈവിട്ടു പോയ മത്സരം തിരികെ പിടിച്ചുവെന്ന് ഒരു ഘട്ടത്തില്‍ തോന്നിപ്പിച്ചെങ്കിലും ഹര്‍ഷിത് റാണ എറിഞ്ഞ പന്ത് ഉയര്‍ത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളില്‍ അവസാനിച്ചതോടെ രാജസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. 14 പന്തില്‍ രണ്ടു സിക്‌സറുകളും നാലു ഫോറുകളുമായി 34 റണ്‍സാണ് പരാഗ് നേടിയത്. ഒരുവശത്ത് ധ്രുവ് ജുറല്‍(4 പന്തില്‍2), രവിചന്ദ്രന്‍ അശ്വിന്‍(11 പന്തില്‍ 8), ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ (1 പന്തില്‍ 0) എന്നിവര്‍ നിലയുറപ്പിക്കാതെ ക്രീസ് വിട്ടപ്പോള്‍ മറുവശത്ത് ബട്‌ലര്‍ ഉറച്ചുനിന്നു.
ആറാം വിക്കറ്റില്‍ ബട്‌ലറിന് കൂട്ടായി ക്രീസിലെത്തിയത് റോവ്മാന്‍ പവല്‍ പതിയെ താളം കണ്ടെത്തി കൂറ്റന്‍ അടികളുമായി പിന്തുണ നല്‍കിയതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ. നരെയ്ന്‍ എറിഞ്ഞ പതിനാറാം ഓവറില്‍ ആദ്യ ബോള്‍ ബൗണ്ടറി കടത്തിയ പവല്‍ തുടരെ രണ്ടു സിക്‌സറുകളും പറത്തി. എന്നാല്‍ അഞ്ചാം പന്തില്‍ എല്‍ബിഡബ്ല്യുവിന് പുറത്ത്. ഇതോടെ രാജസ്ഥാന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി. പിന്നാലെ എത്തിയ ട്രെന്റ് ബോള്‍ട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. സ്‌കോര്‍ 186/8. പിന്നീട് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത് ബട്‌ലറുടെ കംപ്ലീറ്റ് ഷോയ്ക്കായിരുന്നു. ബോള്‍ട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്തു നിര്‍ത്തി ബട്‌ലര്‍ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു.
കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത റാണ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വൈഭവ് അറോറ ഒരു വിക്കറ്റും നേടി. സെഞ്ചറിയുമായി ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കളം നിറഞ്ഞപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോറാണ് അടിച്ചെടുത്തത്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 56 പന്തില്‍ ആറു സിക്‌സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റണ്‍സെടുത്ത നരെയ്‌നാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. രാജസ്ഥാനു വേണ്ടി ആവേശ് ഖാന്‍ രണ്ടു വിക്കറ്റുകളും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറിലാണ് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ നഷ്ടമാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചറിയുമായി തിളങ്ങിയ സാള്‍ട്ട്(13 പന്തില്‍ 10) ആവേശ് ഖാന്‍ എറിഞ്ഞ പന്ത് ആവേശ് ഖാന്റെ കൈകളില്‍ തന്നെ തിരികെ എത്തിച്ചാണ് പുറത്തായത്. 21ന് 1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ നരെയ്ന്‍ തോളിലേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അംഗ്ക്രിഷ് രഘുവംശിയും നരെയ്‌നും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
സ്‌കോര്‍ 106ല്‍ നില്‍ക്കെ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ച് രഘുവംശി ( 18 പന്തില്‍ 30)യെ കുല്‍ദീപ് സെന്‍ തിരികെയയച്ചു. ശ്രേയസ് അയ്യര്‍ (7 പന്തില്‍ 11), ആന്ദ്രെ റസല്‍ (10 പന്തില്‍ 13) എന്നിവര്‍ കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെങ്കിലും മറ്റൊരു വശത്ത് പാറപോലെ ഉറച്ചുനിന്ന നരെയ്ന്‍ ബൗണ്ടറികളും സിക്‌സറുകളുമായി സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. 17 ാം ഓവറിലെ മൂന്നാം പന്തില്‍ ബോള്‍ട്ട് നരെയ്‌ന്റെ പോരാട്ടത്തിന് വിരാമമിടുമ്പോള്‍ സ്‌കോര്‍ 195/5. പിന്നീടെത്തിയ റിങ്കു സിങ് (9 പന്തില്‍ 20*) വെങ്കിടേഷ് അയ്യരു(6 പന്തില്‍ 8) ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. കുല്‍ദീപ് സിങ്ങിന്റെ പന്തില്‍ ധ്രുവ് ജുറല്‍ ക്യാച്ചെടുത്ത് വെങ്കിടേഷ് മടങ്ങുമ്പോള്‍ കൊല്‍ക്കത്ത 215 എന്ന സ്‌കോറില്‍ എത്തിയിരുന്നു. രമണ്‍ദീപ് സിങ്ങിനെ മറുവശത്ത് കാഴ്ചക്കാരനാക്കി റിങ്കു സിങ് അത് 223 എന്ന നിലയിലേക്ക് എത്തിച്ചു.
https://www.facebook.com/Malayalivartha