പൊട്ടിക്കരയാതെ എന്ത് ചെയ്യും... പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാല്‍ മതിയെന്ന നിലപാടില്‍ ബിസിസിഐ

ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്‍ഡ്യന്‍സിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുത്തത് കയ്യടികളോടെയായിരുന്നു. എന്നാല്‍ ആ കൈയ്യടി അധിക നാള്‍ നീണ്ടുനിന്നില്ല. ഫോം കണ്ടെത്തി ടീമിനെ വിജയിപ്പിക്കാന്‍ പാണ്ഡ്യക്കായില്ല. അതോടെ കൂക്ക് വിളികളായി. പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടമായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യക്ക് ട്വന്റി20 ലോകകപ്പും നഷ്ടപ്പെടാന്‍ സാധ്യത.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബോളറുടെ റോളില്‍ തിളങ്ങിയാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് ടീമിലേക്കു പരിഗണിച്ചാല്‍ മതിയെന്ന നിലപാടില്‍ ബിസിസിഐ തീരുമാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണ്ഡ്യ ഇന്ത്യയ്ക്കായി ഒടുവില്‍ കളിച്ചത്.
ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യയ്ക്കു കാലിനു പരുക്കേല്‍ക്കുകയായിരുന്നു. ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ പാണ്ഡ്യയ്ക്കു നഷ്ടമായി. പരുക്കുമാറിയ ശേഷം ഐപിഎല്ലിലാണു പാണ്ഡ്യ ആദ്യമായി കളിക്കാനിറങ്ങിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയ്ക്ക് ബോളിങ്ങില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുന്നോടിയായി കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരും മുംബൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താന്‍ ഹാര്‍ദിക് ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിയേണ്ടിവരുമെന്നാണ് ഇവരുടെ നിലപാട്.
ബാറ്റിങ്ങില്‍ തിളങ്ങിയാലും ബോളറെന്ന നിലയില്‍ താരത്തിന്റെ പ്രകടനമായിരിക്കും നിര്‍ണായകമാകുക. ജൂണില്‍ യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ചൊരു ഫാസ്റ്റ് ബോളിങ് ഓള്‍ റൗണ്ടറെ ആവശ്യമുണ്ട്. പാണ്ഡ്യയില്ലെങ്കില്‍ മികച്ച ഫോമിലുള്ള ശിവം ദുബെയ്ക്ക് അവസരം ലഭിച്ചേക്കും. മുംബൈയ്ക്കു വേണ്ടി നാലു കളികളില്‍ മാത്രമാണ് പാണ്ഡ്യ പന്തെറിഞ്ഞത്. ആകെ നേടിയത് മൂന്നു വിക്കറ്റുകള്‍.
കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്റെ പേരിലും പാണ്ഡ്യ ഈ മത്സരങ്ങളില്‍ പഴികേട്ടു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ 20ാം ഓവര്‍ എറിഞ്ഞ പാണ്ഡ്യ 26 റണ്‍സ് വഴങ്ങിയിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 131 റണ്‍സാണു താരം നേടിയത്. എന്നാല്‍ പാണ്ഡ്യയ്ക്കു പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നതും സിലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്. ശിവം ദുബെയെ ബിസിസിഐ ടീമിലെടുത്താലും ഒരു പ്രശ്‌നമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇംപാക്ട് പ്ലേയറായി കളിക്കുന്ന ദുബെയ്ക്ക് ബോളറായി കാര്യമായ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ് തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ചെന്നൈയുമായുള്ള മത്സരത്തില്‍ ആകാശ് മഡ്‌വാളിനെ 20ാം ഓവര്‍ എറിയിക്കാതിരുന്നതു ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നു വസീം ജാഫര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു. പാണ്ഡ്യ എറിഞ്ഞ 20ാം ഓവറില്‍ 26 റണ്‍സാണ് വിട്ടുകൊടുത്തത്. എം.എസ്. ധോണി തുടര്‍ച്ചയായി മൂന്നു വട്ടം സിക്‌സര്‍ പറത്തി. മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്‍സിനു വിജയിച്ചതോടെ ഹാര്‍ദിക്കിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കണമെങ്കില്‍, 20ാം ഓവര്‍ എറിഞ്ഞതിനെക്കുറിച്ചു സംസാരിക്കേണ്ടിവരും. ശിവം ദുബെയ്‌ക്കെതിരെ സ്പിന്‍ എറിയിക്കാതിരുന്നതു നന്നായിരുന്നു. ബാറ്റിങ് നോക്കുകയാണെങ്കില്‍, പാണ്ഡ്യയ്ക്കു കൂടുതല്‍ നന്നായി കളിക്കാമായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യാനാകില്ല. 20ാം ഓവറിനെക്കുറിച്ചു മാത്രമാണു പറയാനുള്ളത്. ഹാര്‍ദിക് പാണ്ഡ്യ തന്നെ എറിയണോ, അതോ പാണ്ഡ്യയുമായി നോക്കുമ്പോള്‍ മികച്ച ഡെത്ത് ഓവര്‍ ബോളറായ ആകാശ് മഡ്വാളിനെ ഉപയോഗിക്കണോ എന്നതാണു ചോദ്യം എന്നും വസീം ജാഫര്‍ വ്യക്തമാക്കി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്‌ക്കെതിരെ ഗാലറിയില്‍നിന്ന് ആരാധകരുടെ പരിഹാസം ഉയര്‍ന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റന്‍ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. എന്തായാലും പാണ്ഡ്യക്ക് ഇനിയുള്ള ദിനം നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha