ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ആന്റിഗ്വയില്‍ തുടക്കമാകും

നാലു മത്സരങ്ങളടങ്ങുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. ആന്റിഗ്വെയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് (വെസ്റ്റിന്‍ഡീസ് സമയം രാവിലെ 10.00) ആദ്യ ടെസ്റ്റ് മത്സരം തുടങ്ങും.
അനില്‍ കുംബ്‌ളെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണെന്നതിനാല്‍ ടീം ഇന്ത്യക്കും കുംബ്‌ളെക്കും അതിനിര്‍ണായകമാണ് മത്സരം. വിദേശ പരമ്പരകളില്‍ കാലിടറുന്ന പതിവുണ്ടെങ്കിലും ഒരടി മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്.
2002ന് ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ അവസാന അഞ്ച് പരമ്പരകളും സ്വന്തമാക്കിയെന്ന ഖ്യാതിയുമായാണ് കളത്തിലിറങ്ങുന്നത്. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വെസ്റ്റിന്‍ഡീസ് പഴയ വിന്‍ഡീസ് അല്ല എന്ന തിരിച്ചറിവോടെയാണ് ഇന്ത്യ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.
തുടര്‍ച്ചയായ രണ്ടാം വട്ടവും 20-20 ലോക ചാമ്പ്യന്മാരായപ്പോള്‍ വിന്‍ഡീസിനെ വെറും കുട്ടിക്രിക്കറ്റര്‍മാരായി ചിത്രീകരിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ്. പ്രാഥമിക റൗണ്ടില്‍ ആസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ വിന്‍ഡീസ് ഫൈനലിലാണ് കീഴടങ്ങിയത്.
പരിമിത ഓവര്‍ മത്സരങ്ങളിലെ തേരോട്ടം ടെസ്റ്റിലും ആവാഹിച്ച് പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായാണ് വിന്‍ഡീസ് ടീം പരമ്പരയെ കാണുന്നത്. ടെസ്റ്റ് റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പരജയം ഇന്ത്യക്ക് അനിവാര്യമാണ്.
https://www.facebook.com/Malayalivartha