4 ദിവസവും വീണത് 8 വിക്കറ്റ് വീതം, ഇന്ത്യ ജയിച്ചതും എട്ടു വിക്കറ്റിന്, രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ് മാച്ച്

ഇന്ത്യയുടെ വിജയം തടയാനോ അഞ്ചാം ദിവസത്തിലേക്കു നീട്ടാനോ ഇംഗ്ലണ്ടിനു കഴിഞ്ഞില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനംതന്നെ ഇന്ത്യ വിജയം സ്വന്തമാക്കി; എട്ടു വിക്കറ്റിന്. ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യിക്കാനായി എന്നതു മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ള ഏക കാര്യം. വിജയത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍ മുരളി വിജയ് (പൂജ്യം), ചേതേശ്വര്‍ പൂജാര (25) എന്നിവരുടെ വിക്കറ്റുകളാണ് ടീം ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത്.
എട്ടു വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സിലെ സവിശേഷത.
പാര്‍ഥിവ് 67ഉം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആറും റണ്‍സെടുത്തു പുറത്താകാതെ നിന്നു. അഞ്ചു ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇന്ത്യയ്ക്ക് 2-0ന്റെ ലീഡായി. ഓള്‍റൗണ്ട് പ്രകടനം നടത്തിയ രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ് മാച്ച്.
സ്‌കോര്‍: ഇംഗ്ലണ്ട് 283, 236. ഇന്ത്യ- 417, രണ്ടു വിക്കറ്റിന് 104.
നേരത്തേ നാലു വിക്കറ്റിന് 78 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് ജോ റൂട്ടിന്റെയും പരുക്കിന്റെ പിടിയിലുള്ള ടീനേജ് താരം ഹസീബ് ഹമീദിന്റെയും അര്‍ധസെഞ്ചുറികള്‍. റൂട്ട് 78 റണ്‍സെടുത്തപ്പോള്‍ ഹമീദ് 59 റണ്‍സോടെ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ കൈവിരലില്‍ പരുക്കേറ്റ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഹമീദ് എട്ടാമനായാണു ക്രീസിലെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷാമി, ജയന്ത് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാംദിനം മൂന്നുവിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിന് ഇന്നലെ വിക്കറ്റൊന്നും കിട്ടിയില്ല.
ഇന്നലെ രണ്ടാം ഓവറില്‍തന്നെ സന്ദര്‍ശകര്‍ക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഗരേത് ബാറ്റി പൂജ്യനായി പുറത്ത്. ആക്രമിച്ചുകളിച്ചുതുടങ്ങിയ ജോസ് ബട്‌ലറിനും വലിയ ആയുസ്സുണ്ടായില്ല. 18 റണ്‍സെടുത്ത ബട്‌ലര്‍, ജയന്ത് യാദവിന്റെ പന്തില്‍ ജഡേജയുടെ പിടിയിലായി. പിന്നീടാണ് കൈവിരലിലെ പൊട്ടലുമായി ഹമീദ് ക്രീസിലെത്തിയത്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച ഹമീദ് റൂട്ട് പുറത്തായതോടെ ആക്രമണകാരിയായി. 179 പന്തില്‍ ആറു ഫോറുകളോടെ 78 റണ്‍സെടുത്ത റൂട്ടിനെ ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ ഒറ്റക്കയ്യന്‍ ക്യാച്ചിലൂടെ രഹാനെ പുറത്താക്കി.
ക്ഷണനേരം കൊണ്ട് 30 റണ്‍സെടുത്ത വോക്‌സിനെ മുഹമ്മദ് ഷമിയുടെ ന്യൂബോള്‍ ബോളിങ് വീഴ്ത്തി. തൊട്ടുമുന്‍പത്തെ പന്തില്‍ ഷമിയുടെ ബൗണ്‍സര്‍ കൊണ്ട് വോക്‌സിന്റെ ഹെല്‍മറ്റ് ഗാര്‍ഡ് ഇളകിയിരുന്നു. തൊട്ടടുത്ത പന്തില്‍ പാര്‍ഥിവ് പട്ടേലിന് ക്യാച്ച് നല്‍കി വോക്‌സ് പുറത്ത്. ആദില്‍ റഷീദ് അതേ ഓവറില്‍തന്നെ നേരിട്ട രണ്ടാംപന്തില്‍ പുറത്ത്. ഉമേഷ് യാദവിനാണു ക്യാച്ച്. അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സണുമൊത്ത് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹമീദ് ഇന്ത്യന്‍ ലക്ഷ്യം മൂന്നക്കത്തിലെത്തിച്ചു. അഞ്ചു റണ്‍സെടുത്ത ആന്‍ഡേഴ്‌സണ്‍ റണ്ണൗട്ടായി. ഹമീദ് 156 പന്തു നേരിട്ടു.
ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍തന്നെ മുരളി വിജയിനെ നഷ്ടമായി. വോക്‌സിന്റെ പന്തില്‍ റൂട്ടിന് അനായാസക്യാച്ച് സമ്മാനിച്ച വിജയ് അക്കൗണ്ട് തുറന്നില്ല. 25 റണ്‍സെടുത്ത പൂജാര മടങ്ങിയശേഷം കൂടുതല്‍ നഷ്ടമില്ലാതെ പാര്‍ഥിവും കോഹ്ലിയും ഇന്ത്യയെ ജയത്തിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ പാര്‍ഥിവ്-പൂജാര സഖ്യം 15.2 ഓവറില്‍ 81 റണ്‍സെടുത്തതോടെ വിജയം അനായാസമായി. 54 പന്തില്‍നിന്നാണ് പാര്‍ഥിവ് 67 റണ്‍സ് അടിച്ചത്. അതില്‍ 11 ഫോറും ഒരു സിക്‌സും. ട്വന്റി20 ശൈലിയില്‍ കളിച്ച പാര്‍ഥിവ് 39 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സെടുത്തിരുന്നു.
സ്‌കോര്‍ ബോര്‍ഡ്: ഇംഗ്ലണ്ട് - (നാലിന് 84 തുടര്‍ച്ച) ജോ റൂട്ട് സി രഹാനെ ബി ജഡേജ-78, ഗരേത് ബാറ്റി എല്‍ബി ജഡേജ-പൂജ്യം, ജോസ് ബട്‌ലര്‍ സി ജഡേജ ബി ജയന്ത് യാദവ്-18, ഹമീദ് - 59 നോട്ടൗട്ട്, ക്രിസ് വോക്‌സ് സി പാര്‍ഥിവ് ബി ഷമി-30, ആദില്‍ റഷീദ് സി ഉമേഷ് യാദവ് ബി ഷമി-പൂജ്യം, ആന്‍ഡേഴ്‌സണ്‍ റണ്‍ഔട്ട്-അഞ്ച്, എക്‌സ്ട്രാസ് 9. ആകെ 90.2 ഓവറില്‍ 236.
വിക്കറ്റ് വീഴ്ച: 5-78, 6-107, 7-152, 8-195, 9-195, 10-236.
ബോളിങ്: ഷമി 14-3-37-2, ഉമേഷ് യാദവ് 8-3-26-0, അശ്വിന്‍ 26.2-4-81-3, ജഡേജ 30-12-62-2, ജയന്ത് യാദവ് 12-2-21-2
ഇന്ത്യ-വിജയ് സി റൂട്ട് ബി വോക്‌സ്-പൂജ്യം, പാര്‍ഥിവ് പട്ടേല്‍ - 67 നോട്ടൗട്ട്, പൂജാര സി റൂട്ട് ബി റഷീദ്-25, കോഹ്ലി-ആറ് നോട്ടൗട്ട്, എക്‌സ്ട്രാസ്-ആറ്. ആകെ 20.2 ഓവറില്‍ രണ്ടു വിക്കറ്റിന് 104.
വിക്കറ്റ് വീഴ്ച: 1- 7, 2-88
ബോളിങ്: ആന്‍ഡേഴ്‌സണ്‍ 3-2-8-0, വോക്‌സ് 2-0-16-1, റഷീദ് 5-0-28-1, സ്റ്റോക്‌സ് 4-0-16-0, മൊയീന്‍ അലി 3-0-13-0, ബാറ്റി 3.2-0-18-0.
https://www.facebook.com/Malayalivartha