സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..

സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചു വരവ്.
മത്സരത്തിന്റ തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ആദ്യ പകുതിയിലെ 27-ാം മിനിറ്റിൽ ജതിന്ദർ സിങിലൂടെയാണ് പഞ്ചാബ് ഗോൾ നേടിയത്. മറുപടി ഗോളിനായി കേരളം പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യം നേടാനായില്ല.
രണ്ടാം പകുതിയുടെ തുടക്കം മുതൽ കേരളം ആക്രമിച്ചു കളിക്കാൻ ആരംഭിച്ചു. 55-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് മനോജ് എം ഗോൾ ആക്കി മാറ്റി.ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്ന് പഞ്ചാബ് മാറും മുൻപേ 58-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സൽ ഒരു ഗോൾ കൂടി നേടി. ഇത്തവണ സിനാൻ നൽകിയ പാസ് സ്വീകരിച്ചു മുന്നിലേക്ക് ഓടി കയറിയാണ് അജ്‌സൽ ഗോൾ കണ്ടെത്തിയത്. പഞ്ചാബ് താളം കണ്ടെത്തുന്നതിന്റെ മുൻപേ 62-ാം മിനിറ്റിൽ അജ്‌സൽ തന്റെ ഇരട്ട ഗോളും സ്വന്തമാക്കി.
ഇതോടെ മത്സരം പഞ്ചാബിന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുകയായിരുന്നു. 24 ന് റെയിൽവേയ്‌സിന് എതിരെയാണ് ഇനി കേരളത്തിന്റെ അടുത്ത മത്സരമുള്ളത്. .
"
https://www.facebook.com/Malayalivartha























