ലോക് ഡൗണ്‍ പച്ചക്കറി വിളവിറക്കല്‍ വൈകിക്കും

മാര്‍ച്ച് 25-നു ശേഷം വിഷുവിനു മുന്‍പായായി നിലമൊരുക്കി, പ്ലാസ്റ്റിക് മള്‍ച്ചിങ് എന്നിവ നടത്തി പച്ചക്കറി വിളവിറക്കല്‍ നടത്തുന്ന പതിവ് രാജ്യം ലോക് ഡൗണിലായതിനെ തുടര്‍ന്ന് ഇത്തവണ വൈകും. ആളുകള്‍ വീടുകളില്‍ ഒതുങ്ങിയതോടെ നിലമൊരുക്കലും പ്ലാസ്റ്റിക് മള്‍ച്ചിങ്ങും നടക്കാത്ത സ്ഥിതിയായി. എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട എന്നിവിടങ്ങളിലുള്ള പച്ചക്കറി കര്‍ഷകരുടെ രീതി ഏപ്രില്‍ ആദ്യം വിത്തിട്ടു ജൂണ്‍ ആദ്യം മുതല്‍ സംസ്ഥാനത്തെ വിപണികളിലേക്കു പച്ചക്കറി എത്തിക്കുന്നതാണ്
10 കോടിയോളം രൂപയുടെ പച്ചക്കറി, കഴിഞ്ഞ വര്‍ഷം എലവഞ്ചേരി സ്വാശ്രയ കര്‍ഷക സമിതിയുടെ ഭാഗമായ 300 ഏക്കറിലധികം വരുന്ന സ്ഥലത്ത് ഇരുന്നൂറിലധികം കര്‍ഷകര്‍ മാത്രം സംസ്ഥാനത്തേക്ക് ഉല്‍പാദിപ്പിച്ചു നല്‍കിയിട്ടുണ്ട്. വിത്ത് ശേഖരണവും നിലമൊരുക്കലും ഒരു വിഭാഗം കര്‍ഷകര്‍ നടത്തിയിട്ടുണ്ട്. നാമമാത്രമായ കര്‍ഷകര്‍ പ്ലാസ്റ്റിക് മള്‍ച്ചിങ്ങും നടത്തി. ലോക് ഡൗണ്‍ ആയതിനാല്‍ ഇപ്പോള്‍ പ്ലാസ്റ്റിക് മള്‍ച്ചിങ് നടത്താന്‍ കഴിഞ്ഞിട്ടില്ലാത്ത വലിയൊരു വിഭാഗം, ലോക്ഡൗണ്‍ കഴിഞ്ഞതിനു ശേഷം പ്ലാസ്റ്റിക് മള്‍ച്ചിങ് നടത്തി വിത്തിറക്കാനാണ് പദ്ധതി.
തൊഴിലാളികളും കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളുമാണു തൊഴിലാളികളില്‍ ഏറെയും എന്നതിനാല്‍ നിയന്ത്രണങ്ങള്‍ മാറുന്നതോടെ വിത്തിറക്കല്‍ സജീവമാകും. പാവല്‍, പടവലം, പയര്‍, മത്തന്‍, കുമ്പളം, മുളക്, പീച്ചല്‍, വെണ്ട, ചുരക്ക തുടങ്ങിയ ഇനം പച്ചക്കറികളാണു വിളവിറക്കുക. 50 സെന്റ് മുതലുള്ള ചെറുകിട നാമമാത്ര കര്‍ഷകരും ഏക്കറുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരും ഉല്‍പാദകരായിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യ ഹൈടെക് പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയില്‍ ആകെയുള്ള 350 ഏക്കറോളം സ്ഥലത്തെ പച്ചക്കറി കൃഷിയില്‍ 150 ഏക്കറോളം സ്ഥലത്തു പ്ലാസ്റ്റിക് മള്‍ച്ചിങ് രീതി അവലംബിച്ചാണു കൃഷി ഇറക്കുന്നത്.
https://www.facebook.com/Malayalivartha