അടുക്കള കൃഷിയായി തെരഞ്ഞെടുക്കാം വഴുതനയെ....

വഴുതനയില്‍ കാര്‍ബോഹൈഡ്രേറ്റും മാംസ്യവും കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ധാരാളം. അടുക്കള കൃഷിയായും പുരപ്പുറ കൃഷിയായുമൊക്കെ വിളയിക്കാം.
കേരളത്തിലെ കാലാവസ്ഥ മികച്ച വിളവിന് അനുയോജ്യം. വിത്തുപാകി തൈകള്‍ പറിച്ചുനട്ടാണ് വഴുതന കൃഷി ചെയ്യുന്നത്. 10 സെന്റ് സ്ഥലത്ത് വഴുതന കൃഷിചെയ്യാനായി 15 ഗ്രാം വിത്ത് മതിയാകും. മണ്ണും മണലും ചാണകപൊടിയും സമം ചേര്‍ത്ത് പാകി മുളപ്പിച്ചെടുക്കാം. വൈകുന്നേരമാണ് തൈകള്‍ പറിച്ചുനടാന്‍ പറ്റിയ സമയം
മഴക്കാലത്ത് വാരങ്ങളിലും വേനല്‍ക്കാലത്ത് ചാലുകളിലും തൈകള്‍ നടാം. തൈകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കണം. അടിവളമായി കാലി വളമോ കമ്പോസ്റ്റോ 10 സെന്റിന് ഒരു ടണ്‍ എന്ന തോതില്‍ ചേര്‍ക്കാം. ചാണകവും മറ്റ് ജൈവവളവും നല്ലത്. മണ്ണ് കൂന കൂട്ടുന്നതിനും പുതയിടുന്നതിനും നനച്ചുകൊടുക്കുന്നതിനും കൂടി ശ്രദ്ധിച്ചാല്‍ നട്ട് 2 മാസത്തിനകം വഴുതന വിളവെടുക്കാവുന്നതാണ്.
അതേസമയം വഴുതന കൃഷിയിലെ പ്രധാന പ്രശ്‌നമാണ് വാട്ടരോഗം. ഇതിനെ ചെറുക്കാന്‍ കഴിവുള്ള ഇനങ്ങളാണ് സൂര്യയും ഹരിതയും നീലിമയും. തണ്ടും കായും തുരന്നു നശിപ്പിക്കുന്ന പുഴുക്കളുടെ ഉപദ്രവംമൂലം ഇലകളും ഇളംതണ്ടുകളും വാടുകയും ഉണങ്ങി നശിക്കുകയും ചെയ്യും. തണ്ടുതുരപ്പന്‍ പുഴുക്കളെ പ്രതിരോധിക്കാന്‍ വേപ്പിന്‍കുരുസത്ത് തളിച്ചുകൊടുക്കാവുന്നതാണ്.. മഴക്കാലത്ത് കണ്ടുവരുന്ന പ്രധാനരോഗമാണ് കായചീയല്‍. രോഗം ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിച്ചെടുത്തശേഷം മാങ്കോസെബ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് തളിക്കുകയും വേണം.
"
https://www.facebook.com/Malayalivartha