മലയാളി വാര്‍ത്ത.
നാളികേരത്തില്‍ നിന്നും ഉത്‌പാദിപ്പിക്കുന്ന പഞ്ചസാര പ്രമേഹ രോഗികള്‍ക്കു വളരെ ഗുണകരമാണെന്നു കണ്ടെത്തിയിരിക്കുന്നു. നാളികേരക്കാമ്പില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പഞ്ചസാര പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുകയും കൊളസ്‌ട്രോളിനെ കുറച്ചു ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുമെന്നു ഗവേഷണ ഫലങ്ങള്‍ തെളിയിച്ചിരിക്കുന്നു. നാളികേര പഞ്ചസാരയുടെ ഉപയോഗത്തിലൂടെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യാം എന്നും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന കൊക്കോടെക് സെമിനാറില്‍ സംസാരിക്കവേ യൂണൈറ്റഡ് കോക്കനട്ട് അസോസിയേഷന്‍സ് ഓഫ് ഫിലിപ്പെന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ വോണീ അഗസ്റ്റിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാളികേരപ്പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യമാണു ഫിലിപ്പൈന്‍സ്. 2009ല്‍ 11200 കിലോഗ്രാം പഞ്ചസാര കയറ്റുമതി ചെയ്‌തിരുന്നത് 2011ല്‍ 70000 കിലോഗ്രാമായി വര്‍ധിച്ചുവെന്ന് അവര്‍ പറഞ്ഞു. ജപ്പാന്‍, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യാ, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണു കയറ്റുമതി.
അമേരിക്കയില്‍ നാളികേര ഉത്‌പന്നങ്ങളുടെ ആവശ്യകത വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ഓറിഗോണിലെ `സോഡെലീഷ്യസ് ഡെയറി ഫ്രീ' എന്ന കമ്പനിയുടെ ഡയറക്‌ടര്‍ ജോണ്‍ ടക്കര്‍ പറഞ്ഞു. നാളികേരപ്പാലില്‍ നിന്നും വിലകുറഞ്ഞ പാല്‍ക്കട്ടി ഉത്‌പാദിപ്പിക്കാനാവുമെന്നും ഇതു കുറഞ്ഞ വരുമാനക്കാരുടെ ഇടയിലുള്ള പോഷകദാരിദ്ര്യം പരിഹരിക്കാന്‍ സഹായകരമാകുമെന്നും ശ്രീലങ്കന്‍ നാളികേര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ജെ.ഗുണതിലക് അറിയിച്ചു.