വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം:- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:- മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും നൽകിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (03-10-2023) രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കനത്ത മഴയെ തുടർന്ന് കോട്ടയം താലൂക്കിലെ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് കളക്‌ടർ അവധി നൽകിയിരുന്നു. വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയിലും രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കോട്ടയം താലൂക്കിൽ 15, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. 67 കുടുംബങ്ങളിൽ നിന്നായി 239 പേരാണ് ക്യാമ്പുകളിലുള്ളത്. ജില്ലയിൽ കഴിഞ്ഞ രാത്രിയിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. നിലവിൽ കോട്ടയത്ത് ഇന്ന് ഗ്രീൻ അലർട്ടാണ്. ഈ മാസം അഞ്ചുവരെ കോട്ടയത്ത് ഖനന പ്രവർത്തനങ്ങൾക്ക് നിരോധനവും മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയിൽ മൂന്ന് ദിവസമായി മഴ തുടരുകയാണ്. മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടായതിനെ തുടർന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റി. ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജിഎൽപി സ്കൂൾ, ചേർത്തല വടക്ക് വില്ലേജിൽ എസ്‌സി സാംസ്കാരിക നിലയം, അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിലാണു ക്യാംപ് തുറന്നത്.
മരുതൂർവട്ടം ജിഎൽപി സ്കൂളിൽ 10 കുടുംബങ്ങളിലെ 36 പേരാണു കഴിയുന്നത്. ചേർത്തല വടക്ക് വില്ലേജിൽ എസ്‌സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്യൂണിറ്റി സെന്ററിൽ കുടുംബങ്ങളുമാണുള്ളതെന്നു ദുരന്ത നിവാരണ വകുപ്പ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. തലസ്ഥാനത്തടക്കം തെക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും മഴ ശക്തമാണ്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് മഴ കനത്തത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ ജില്ലയിലെ മലയോര, നഗരമേഖലകളിൽ തുടരുകയാണ്.
ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മധ്യ മഹാരാഷ്ട്രയ്ക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി ദുർബലമായിട്ടുണ്ട്. കൂടാതെ, മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
https://www.facebook.com/Malayalivartha