ബ്ലിസ്റ്റര്‍ വണ്ട് : കടുത്ത വിഷമുള്ള സ്രവം ചര്‍മത്തില്‍ പുരണ്ടാല്‍ തീപ്പൊരി വീഴുന്നതിനു സമം

നമ്മുടെ ആവാസവ്യവസ്ഥയില്‍ നമ്മോടൊപ്പം ഇങ്ങനെയുമുണ്ടൊരാള്‍... ശരിക്കും തീപ്പൊരി! പേര് ബ്ലിസ്റ്റര്‍ വണ്ട് (ബ്ലിസ്റ്റര്‍ ബീറ്റില്‍). പേര് സൂചിപ്പിക്കും പോലെ ആളെ പൊള്ളിക്കലാണു മുഖ്യ വിനോദം. ശത്രുക്കളില്‍നിന്നു രക്ഷപ്പെടാന്‍ ഇവ വിസര്‍ജിക്കുന്ന അമ്ലാംശവും കടുത്ത വിഷവുമുള്ള സ്രവം മനുഷ്യ ചര്‍മത്തില്‍ പുരണ്ടാല്‍ തീപ്പൊരി തെറിച്ചു വീണതു പോലെ പൊള്ളും. പിന്നെ പഴുക്കും. സമയത്തു വൈദ്യസഹായം തേടിയില്ലെങ്കില്‍ കുഴപ്പമാകും.
മഴക്കാലത്താണ് ഇവയുടെ പ്രജനനം നടക്കുന്നതെന്നതിനാല്‍ അപ്പോഴാണ് കൂടുതലായും ഇവ സവാരിക്കിറങ്ങുക. സംസ്ഥാനത്തു വേനല്‍ മഴയും ന്യൂനമര്‍ദ മഴയും കനത്തതോടെ ഇവയുടെ പൊള്ളലേറ്റു ചര്‍മരോഗ വിദഗ്ധരുടെ സേവനം തേടിയെത്തുന്നവരുടെ എണ്ണം കൂടി. പകല്‍ സമയത്തു പുറത്തിറങ്ങാത്ത ഇവ രാത്രിയില്‍ ഹാലജന്‍, എല്‍ഇഡി തുടങ്ങിയ ശക്തമായ പ്രകാശമുള്ള സ്ഥലങ്ങളിലേക്കു പറന്നെത്തും.
ശരീരത്തേക്കു പറന്നു വീഴുമ്പോള്‍ അടിച്ചു കൊല്ലാന്‍ ശ്രമിക്കുകയോ തട്ടിയെറിയുകയോ ചെയ്യുമ്പോഴാണ് ഇവ പ്രാണരക്ഷാര്‍ഥം സ്രവം പ്രയോഗിക്കുക. 'കാന്താരിഡിന്‍' എന്ന വിഷവസ്തുവാണു സ്രവത്തിലുള്ളത്. ഇതിനു മണമോ നിറമോ ഇല്ല. ശരീരത്തില്‍ പുരണ്ടാല്‍ തിരിച്ചറിയാനാകില്ല. എന്നാല്‍, അല്‍പസമയത്തിനകം ഇതു പുരണ്ട സ്ഥലം ചുവപ്പു നിറത്തിലായി സ്രവം നിറഞ്ഞ ചെറു കുമിളകള്‍ പ്രത്യക്ഷപ്പെടും. പൊട്ടിപ്പഴുക്കുകയും പൊള്ളലേറ്റതു പോലെയുള്ള മുറിവായി മാറുകയും ചെയ്യും. വായിലൂടെ അബദ്ധത്തില്‍ മനുഷ്യ ശരീരത്തിനുള്ളില്‍ കടന്നാല്‍ ഇതിന്റെ വിഷം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും.
മെലോയ്‌ഡെ(Meloidae) കുടുംബത്തില്‍പെട്ട ഷഡ്പദങ്ങളാണിവ. സ്പാനിഷ് ഫ്‌ലൈ എന്നും അറിയപ്പെടുന്നു. ശരീരത്തില്‍ വന്നിരുന്നാല്‍ അടിച്ചുകൊല്ലാന്‍ ശ്രമിക്കരുത്;. സൂക്ഷ്മതയോടെ എടുത്തു മാറ്റുക. സ്രവം പുരണ്ടു പൊള്ളിയാല്‍ ആ ഭാഗം ശക്തി കുറഞ്ഞ സോപ്പ് ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കണം. പൊള്ളലേറ്റ സ്ഥലത്തു ദിവസം നാലഞ്ചു തവണ ഐസോ തണുത്ത വെള്ളമോ പിടിക്കുന്നതു നല്ലതാണ്.
കണ്ണിലും മുഖത്തും സ്രവമേറ്റാലും ആഴത്തില്‍ മുറിവുണ്ടെങ്കിലും ഉടന്‍ ഡോക്ടറെ കണ്ടു ചികിത്സ തേടണം. രാത്രി കിടക്ക പരിശോധിച്ചു പ്രാണികളില്ല എന്നുറപ്പാക്കുകയും വാതിലും ജനലുകളും അടച്ചിടുകയും ചെയ്താല്‍ ഇവയെ അകറ്റിനിര്‍ത്താം.
https://www.facebook.com/Malayalivartha