മല്ലാ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന അച്ഛനാണ് കരച്ചിലടക്കി മുന്നില്‍ നില്‍ക്കുന്നത്:- നെഞ്ച് പിടഞ്ഞ ആ ദിവസത്തെക്കുറിച്ച് നടി മല്ലിക സുകുമാരൻ...
തന്റെ ജീവിതത്തില്‍ മല്ലിക നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും സമാനതകളില്ലാത്തതാണെന്ന് നടി മല്ലിക സുകുമാരൻ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വീട് വീട്ടിറങ്ങിയ താന്‍ തിരികെ വീട്ടിലേക്ക് വന്ന നിമിഷത്തേക്കുറിച്ച് മല്ലിക മനസ് തുറക്കുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. സുകുവേട്ടന്‍ ജീവിതത്തിലേക്ക് ക്ഷണിച്ച ശേഷമാണ് ഈ സംഭവം. ശ്രീകുമാരന്‍ തമ്പി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതാണ്.
പാരമൗണ്ട് ഹോട്ടലിലാണ് താമസം. ഒരു ദിവസം അമ്മാവന്റെ മകള്‍ എന്നെ കാണാന്‍ വന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോയി പ്രസാദവുമായാണു വന്നത്. എന്റെ അമ്മ പറഞ്ഞിട്ടാണു വഴിപാടു നടത്തിയതെന്നും സിനിമയിലെങ്കിലും കാണാമല്ലോ എന്നോര്‍ത്തു ഞാനഭിനയിച്ച സിനിമകളെല്ലാം കാണാന്‍ അമ്മ പോകാറുണ്ടെന്നും ചേച്ചി പറഞ്ഞതു കേട്ടിട്ട് എന്റെ കണ്ണു നിറഞ്ഞു. വീട്ടില്‍ പോയി അച്ഛനേയും അമ്മയേയും കാണമെന്ന് തോന്നി.
ചേച്ചി വന്ന വിവരം അറിഞ്ഞ് സുകുവേട്ടന്‍ എന്നോട് പറഞ്ഞു. ഞാന്‍ തമ്പിസാറിനോടു സംസാരിച്ച് മല്ലികയെ ഒരു ദിവസം ഫ്രീ ആക്കാം. അന്നു വീട്ടിലേക്ക് പോകാം. എന്റെ കാറില്‍ പോയാല്‍ മതി. അഞ്ചു ദിവസം കഴിഞ്ഞു ചേച്ചി വീണ്ടും ഹോട്ടലില്‍ വന്നു. സുകുവേട്ടന്റെ ഇളം പച്ച നിറത്തിലുള്ള അംബാസഡര്‍ കാറുമായി ഡ്രൈവര്‍ തങ്കച്ചന്‍ റെഡി. കാറിന്റെ നമ്പര്‍ പോലും ഓര്‍മ്മയുണ്ട്. കെആര്‍ടി 699.
ഞങ്ങളുടെ വീടിന് രണ്ട് ഗേറ്റുണ്ട്. വലിയ ഗേറ്റുവഴി കാര്‍ അകത്തു ചെല്ലും. അടുത്തതു ചെറിയ ഗേറ്റ്. കാര്‍ മതിലിനു പുറത്തിട്ട് ഞാന്‍ ചെറിയ ഗേറ്റ് വഴി അകത്തേക്കു കയറി. ചാരുകസേരയില്‍ കിടന്ന് അച്ഛന്‍ പത്രം വായിക്കുന്നുണ്ട്. പരസ്പരം കണ്ടിട്ടു നാലു വര്‍ഷവും പതിനൊന്ന് മാസവും. ദൂരെ നിന്നു നടന്നു വരുന്ന എന്നെ അച്ഛനു പെട്ടെന്നു മനസിലായില്ല. ഉമ്മറത്തേക്കു കയറിയപ്പോള്‍ ഞെട്ടലോടെ അച്ഛന്‍ എഴുന്നേറ്റു. മുഖത്തു സങ്കടവും വിഷമവും ഇരച്ചെത്തി. കരച്ചില്‍ പിടിച്ചു നിര്‍ത്തിയതുകൊണ്ടാകാം അച്ഛന്റെ കവിള്‍ വിറയ്ക്കുന്നുണ്ട്.
ഇളയമകളായതിന്റെ വാത്സല്യത്തില്‍ എന്നെ മല്ലാ എന്ന ഓമനപ്പേരില്‍ വിളിച്ചിരുന്ന അച്ഛനാണു കരച്ചിലടക്കി മുന്നില്‍ നില്‍ക്കുന്നത്. എനിക്ക് എന്തു പറയണമെന്നറിയില്ല. ഞാന്‍ പെട്ടെന്ന് അച്ഛന്റെ കാലില്‍ തൊട്ടു തൊഴുതു. എന്നിട്ടു വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു അച്ഛന്റെ മോള്‍ ഒരബദ്ധം പറ്റി. ജാതകദോഷം എന്നു കരുതണം. അച്ഛനൊന്നും മിണ്ടിയില്ല. ഉമ്മറത്ത് എന്റെ ശബ്ദം കേട്ട് എന്റെ ശ്രീപത്മനാഭാ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അമ്മ ഓടിയെത്തി.
അന്നേരം അച്ഛന്‍ ചോദിച്ചു. നിന്റെ ജീവിതം എങ്ങനെ പോകുന്നു? എനിക്ക് ഉത്തരം മുട്ടി. വിക്കി വിക്കി മറുപടി പറഞ്ഞു. സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹവും അഭിനയിക്കുകയാണ്. വീട്ടിലേക്ക് വല്ലപ്പോഴും വരും. അച്ഛന്റെ അടുത്ത ചോദ്യത്തിന് മൂര്‍ച്ച അല്‍പ്പം കൂടുതലായിരുന്നു. ജീവിതകാലം മുഴുവന്‍ നോക്കിക്കോളും എന്നു നീ തന്നെയല്ലേ പറഞ്ഞത്. എന്നിട്ട്?
എനിക്ക് മറുപടിയില്ല. പരാജിതയായാണു നില്‍ക്കുന്നത്. വീടുവിട്ട് ഇറങ്ങുമ്പോള്‍ പറഞ്ഞതെല്ലാം തെറ്റിപ്പോയിരിക്കുന്നു. അച്ഛന്‍ വീണ്ടും പറഞ്ഞു. എന്റെ മകളായി ജീവിക്കാമെങ്കില്‍ ഹോട്ടലില്‍ നിന്നു ബാഗുമെടുത്ത് ഇങ്ങോട്ട് ഇന്നു പോരെ. ഒരു കൊടുങ്കാറ്റു ശമിക്കുന്നതിന്റെ ശാന്തത അവിടെ നിറയുന്നത് അനുഭവിച്ച നിമിഷമായിരുന്നു അത്. അമ്മയുടെ മുന്നില്‍ ഞാന്‍ പഴയ കൊച്ചുകുട്ടിയായി. അച്ഛന്റെ പ്രിയപ്പെട്ട മല്ലികയായി...നടി പറഞ്ഞു.
https://www.facebook.com/Malayalivartha