ഞാന്‍ സിനിമ കണ്ടല്ല, കേട്ടാണ് വളര്‍ന്നത്' ;നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കെല്ലാം അത്ഭുതം

തിരുവനന്തപുരം: ' ഞാന്‍ സിനിമ കണ്ടല്ല, കേട്ടാണ് വളര്‍ന്നത്' നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്കെല്ലാം അത്ഭുതം. സുരാജിന്റെ കുടുംബവീടിനടുത്താണ് വെഞ്ഞാറമ്മൂട് സിന്ധു എന്ന ഓലപ്പുര തിയേറ്റര്‍. പക്ഷെ, സിനിമ കാണാന്‍ ടിക്കറ്റെടുക്കാന്‍ രണ്ട് രൂപ പോലും അന്ന് താരത്തിന്റെ കയ്യിലില്ലായിരുന്നു. അതുകൊണ്ട് എല്ലാ സിനിമകളുടെയും ശബ്ദരേഖ കേള്‍ക്കും. എന്നിട്ട് കഥ വള്ളിപുള്ളി തെറ്റാതെ സ്‌കൂളില്‍ പോയി കൂട്ടുകാരോട് പറയും. ഇവന്‍ കൊള്ളാലോ, നമ്മുടെ ക്ലാസില്‍ എല്ലാ സിനിമയും കാണുന്ന ഒരേയൊരുത്തന്‍ ഇവനാണല്ലോ- കൂട്ടുകാര്‍ അസൂയയോടെ പറയും. സ്‌കൂളില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ തിയേറ്ററില്‍ സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. ആ സിനിമയുടെ കഥയും സുരാജ് പറയും. ശ്ശെടാ... ഇവനെ കൊണ്ട് തോറ്റല്ലോ?- അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളോട് ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു താരം.
' സിനിമ കാണാതെ ശബ്ദം മാത്രം കേട്ടത് കൊണ്ടാണ് മിമിക്രി ചെയ്ത് തുടങ്ങിയത്. ആദ്യം ബന്ധുക്കളെയാണ് അനുകരിച്ച് തുടങ്ങിയത്. ജഗതീശ്രീകുമാറിന്റെ ശബ്ദം ചെയ്ത് തുടങ്ങിയതോടെയാണ് മിമിക്രി വഴങ്ങുമെന്ന് മനസ്സിലായത്. പിന്നീട് സിനിമയില്‍ എത്തിയപ്പോള്‍ ആദ്യത്തെ ഷോട്ട് ജയഗീ ശ്രീകുമാറിനൊപ്പമായിരുന്നു. അത് വലിയ ഭാഗ്യമായി കാണുന്നു. വെഞ്ഞാറമ്മൂട് എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച എനിക്ക് സിനിമയില്‍ വരാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ആദ്യം മിമിക്രിയും പിന്നെ സീരിയലും അത് കഴിഞ്ഞ് സിനിമയും. ഒരുപാട് നാള്‍ അധ്വാനിച്ച ശേഷമാണ് പടിപടായായി ഇതെല്ലാം സാധ്യമാക്കിയത്. പുതിയ കുട്ടികള്‍ക്ക് സിനിമയില്‍ എത്താന്‍ സമൂഹമാധ്യമങ്ങളടക്കം ധാരാളം വഴികളുണ്ട്'
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫ്രണ്ട്‌സ് ഉണ്ടായിരുന്നോ? ഒരു കുഞ്ഞു കുട്ടി സുരാജിനോട് ചോദിച്ചു. ' കൊള്ളാം ബാബു, രമേശ്...' ഇടയ്ക്ക് കയറി കുട്ടി ചോദിച്ചു ഗേള്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നോ? ' കൊള്ളാം'. ' ബീന, മഞ്ജുള' സുരാജ് പറഞ്ഞ് തുടങ്ങിയപ്പോ വീണ്ടും കുട്ടി ഇടയ്ക്ക് കയറി ചോദിച്ചു ലിനയെ അറിയാമോ? ഗോപിനാഥന്‍ സാറിന്റെ മകള്‍. പെട്ടെന്ന് ഓര്‍ത്തെടുത്തിട്ട് സുരാജ് പറഞ്ഞു. ' ആ അറിയാം' ലിനയുടെ മകളാ ഞാന്‍. പറഞ്ഞ് തീര്‍ന്നതും സുരാജ് പൊട്ടിച്ചിരിച്ചു. ' മോള്‍ടെ പേരെന്താ' -അദീന- ' ഇത് പറയാന്‍ ഇത്രയും വളച്ച് കെട്ടണമായിരുന്നോ മോളേ...' സുരാജ് ചോദിച്ചതും സദസ്സില്‍ നിറഞ്ഞ കയ്യടി.
പേരാറിയാത്തവര്‍ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും ആ സിനിമ എല്ലാവരും കണ്ടാത്തതില്‍ വിഷമമുണ്ടെന്നും സുരാജ് പറഞ്ഞു. ആളുകളെ ചിരിപ്പിച്ചും വെറുപ്പിച്ചും കഴിയുന്ന എനിക്ക് കലാമൂല്യമുള്ള സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ആ സംശയം തനിക്കും ഉണ്ടായിരുന്നെന്നും സുരാജ് പറഞ്ഞു. ചടങ്ങില്‍ വെച്ച് ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സുരാജിന് ഉപഹാരം നല്‍കി. സമിതി ജോയിന്റ് സെക്രട്ടറി ഭാരതി ടീച്ചര്‍, വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടിവ് അംഗം പശുപതി എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha