ഇനി കളിയൊന്ന് ചുവടുമാറ്റാം; പുതിയ തന്ത്രങ്ങളുമായി രജിത്ത് കുമാർ; ബിഗ് ബോസ്സിൽ ഇനി കാണാനുള്ളത് വേറെ ലെവൽ കളികൾ

ലോകം മുഴുവൻ വിവിധ ഭാഷകളിൽ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ മുന്നേറുകയാണ്. മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബിഗ് ബോസ് രണ്ടാം സീസണിൽ എത്തിനിൽക്കുന്നു.
ബിഗ് ബോസ് മലയാളം ഏഴ് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.ഒന്നാം വാരം പിന്നിടുമ്പോൾ മത്സരാർത്ഥികൾ ഏകദേശം മറ്റുള്ളവർ എങ്ങനെയാണ് എന്ന് മനസ്സിലാക്കി കഴിഞ്ഞു. ഓരോരുത്തരുടെയും സംസാരവും പെരുമാറ്റങ്ങളും എന്തൊക്കെ എന്ന് പ്രേക്ഷകർക്കും ഏകദേശം പിടികിട്ടി തുടങ്ങിയിരിക്കുന്നു. പരാതികളും പരിഭവങ്ങളും പരസ്പരം പങ്കുവെച്ചും തുടങ്ങിയിരിക്കുന്നു.ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ മുറക്ക് നടക്കുന്നുമുണ്ട്. ഇവരിൽ മത്സരാര്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ചൊടിപ്പിക്കുന്ന വ്യക്തിയാണ് ഡോ.രജിത്ത് കുമാർ. വിവാദ പരാമർശങ്ങൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും മലയാളികൾക്ക് പരിചിതനാണ് രജിത്ത് കുമാർ. സ്ത്രീകൾക്കെതിരെ പല പരാമർശങ്ങൾ രജിത്ത് ഉന്നയിച്ചിരുന്നു. ഇതുമൂലം സ്ത്രീവിദ്വേഷി എന്ന പേരും രജിത്തിന് വീണിരുന്നു.
ഇപ്പോൾ ബിഗ് ബോസ്സിലെ രജിത്തിന്റെ പല അഭിപ്രായങ്ങളും പരാമർശങ്ങളും ഉപദേശങ്ങളുമൊക്കെ മറ്റു മത്സരാർഥികളിൽ എതിർപ്പുകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും കാരണമായിരുന്നു. പലരും ഇത് രജിത്തിനോട് തുറന്ന് തന്നെ പ്രകടിപ്പിച്ചു.അനാവശ്യ സമയങ്ങളിൽ ആവശ്യമില്ലാത്ത ഇടങ്ങളിലൊക്കെ രജിത് ഇടപെടുന്നു എന്നൊരു അഭിപ്രായം പലരും ഉന്നയിച്ചു. രജിത്ത് പറയുന്നതൊക്കെ സത്യമാണ് പക്ഷെ ആശ്രമ ജീവിതം നയിക്കുന്നവർക്കേ അതൊക്കെ പാലിക്കാൻ പറ്റുള്ളൂ എന്നാണ് മത്സരാര്ഥികളിൽ ഒരാളായ ആർ ജെ രഘു അഭിപ്രായപ്പെട്ടത്. വളരെ ചിട്ടയായി ജീവിച്ചിട്ടൊന്നും വലിയ കാര്യമില്ല എന്നാണ് രജിത്തിന്റെ ഒരു ഉപദേശത്തിന് ആര്യ പ്രതികരിച്ചത്. കഴിഞ്ഞ എപ്പിസോഡിൽ സുജോ മാത്യുവും രജിത് കുമാറുമായി വാക്കുതർക്കം വരെയുണ്ടായി. സുജോയോട് രജിത് ഒരു സാങ്കൽപ്പിക ചോദ്യം ചോദിച്ചു.നിങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് സങ്കല്‍പിക്കുക, ഭാര്യയുടെ അടുത്ത ബന്ധുവിന്റെ കല്യാണമുള്ള ദിവസം തന്നെയാണ് നിങ്ങള്‍ക്ക് പാരീസിലെ ലോകപ്രശസ്തമായ ഫാഷന്‍ പങ്കെടുക്കേണ്ടതും. കല്യാണത്തിന് പോകണമെന്നാണ് ഭാര്യയ്ക്ക് ആഗ്രഹം. നിങ്ങൾ ഇതിൽ ഏതു തിരഞ്ഞെടുക്കും എന്നാണ് സുജോയോട് രജിത് ചോദിച്ചത്. ഭാര്യയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സുജോ ഇതിനു മറുപടി കൊടുത്തത്. എന്നാൽ അത് എല്ലാവരും പറയുന്ന മറുപടിയാണെന്നും സ്വന്തമായി ചിന്തിക്കാതിരിക്കാന്‍ നിങ്ങള്‍ മന്ദബുദ്ധിയൊന്നുമല്ലല്ലോ എന്നായിരുന്നു രജിത്ത് മറുചോദ്യം ചോദിച്ചത്. ഇതിൽ പ്രകോപിതനായ സുജോ തന്നെ മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും രജിത്തിന് മറുപടി നൽകി.
ഇതിനൊക്കെ ശേഷമാണു ഇനി മറ്റൊരു രീതിയിൽ ബിഗ് ഹാവ്‌സിൽ തുടരാം എന്ന് രജിത്ത് തീരുമാനിക്കുന്നത്. ഇനി താനും കുട്ടിക്കളിക്കാനും മറ്റുള്ളവരോടൊപ്പം ചിരിക്കാനും കളിക്കാനും ഒക്കെ തുടങ്ങുമെന്നാണ് രജിത് കുമാർ മത്സരാർഥികളിൽ ഒരാളായ ഫക്രുവിനോട് പറഞ്ഞത്. അതുകൊണ്ട് തന്നെ ആദ്യം താൻ അനുകരിക്കാൻ പോകുന്നത് ഫക്രുവിന്റെ രീതികളാണെന്നും രജിത് പറഞ്ഞു. എന്നാൽ ഇത് തന്റെ സ്വാഭാവിക രീതികളാണെന്നും അതുതന്നെ രജിത് കുമാർ സ്വന്തം രീതികൾ തന്നെ തുടരുന്നതല്ലേ നല്ലതെന്നും ഫക്രു ചോദിച്ചു. എല്ലാവരെയും പഠിക്കണ്ടെ എന്നാണ് രജിത് കുമാർ ഇതിന് മറുപടി പറഞ്ഞത്.
ഇനി എന്തൊക്കെ മാറ്റങ്ങളാണ് രജിത് കുമാരിൽ കാണാൻ സാധിക്കുകയെന്നു വരും ദിവസങ്ങളിൽ കണ്ടറിയാം. തങ്ങളില്ലെങ്കിൽ ബിഗ് ഹാവ്‌സിൽ ഒരു രസമില്ല എന്നാണ് ഒരു ദിവസത്തെ മത്സരാർത്ഥിയായ ധർമ്മജൻ പോലും പറഞ്ഞത്. ബിഗ് ഹാവ്‌സിലെ രജിത് കുമാറിന്റെ പുതിയ പരീക്ഷണം ഫലം കാണുമോയെന്നു വരും ദിവസങ്ങളിൽ അറിയാം. പുതിയ പെരുമാറ്റങ്ങൾ മറ്റ് മത്സരാർത്ഥികളെ ചൊടിപ്പിക്കുമോ അതോ ചിരിപ്പിക്കുമോ എന്നും കണ്ടറിയാം.
https://www.facebook.com/Malayalivartha